70 വയസ്സുള്ള 70 പേര്‍ക്ക് ദുബായിലേക്ക് സൗജന്യ സന്ദര്‍ശക വിസ... മമ്മുട്ടി ആരാധകന്റെ സമ്മാനം

ദുബായ്- നടന്‍ മമ്മൂട്ടിയുടെ 70 ാം ജന്മദിനത്തില്‍ യു.എ.ഇയിലെ മലയാളി ട്രാവല്‍ ഏജന്‍സി ഉടമ നല്‍കുന്നത് അപൂര്‍വ സമ്മാനം. 70 വയസ്സുകാരായ 70 മലയാളികള്‍ക്ക് ഒരു മാസത്തെ സന്ദര്‍ശക വിസ സൗജന്യമായി നല്‍കി യാണ് ഷാര്‍ജ ആസ്ഥാനമായുള്ള സ്മാര്‍ട് ട്രാവല്‍സ് എം.ഡി കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അഫി അഹമദ് പ്രിയ നായകന്റെ ജന്മദിനം ആഘോഷിക്കുന്നത്.
സൗജന്യ ട്രാവല്‍ ഇന്‍ഷുറന്‍സോടെയാണ് 340 ദിര്‍ഹം വരുന്ന വിസ സമ്മാനിക്കുക.

ഈ വര്‍ഷം 70 വയസ്സ് പൂര്‍ത്തിയാക്കിയവരാണെന്ന് തെളിയിക്കുന്ന പാസ്‌പോര്‍ട് കോപ്പി സഹിതമാണ് സെപ്റ്റംബര്‍ 8 യു.എ.ഇ സമയം വൈകിട്ട്  അഞ്ചിനു മുന്‍പ് അപേക്ഷിക്കേണ്ടത്. ആദ്യം അപേക്ഷിക്കുന്ന 70 പേര്‍ക്കാണ് അവസരം ലഭിക്കുക. വിമാന ടിക്കറ്റും കോവിഡ് പി.സി.ആര്‍ പരിശോധനാ നിരക്കുകളും യാത്രക്കാരന്‍ തന്നെ വഹിക്കണം.
ചെറുപ്പം മുതലേ മമ്മൂട്ടിയോട് ഏറെ ഇഷ്ടമാണ്. ഈ പ്രായത്തിലും ശാരീരികക്ഷമത നിലനിര്‍ത്തി സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന  മഹാനടന് ഒരു ജന്മദിന സമ്മാനമാണ് ഇതെന്ന് അഫി പറഞ്ഞു.

 

Latest News