ന്യൂദല്‍ഹി- ബ്രാഹ്‌മണര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ പിതാവ് നന്ദകുമാര്‍ ഭാഗേല്‍ അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ നന്ദകുമാറിനെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ബ്രഹ്‌മണര്‍ വിദേശികളാണെന്നും അവരെ നാടുകടത്തണമെന്നുമുള്ള നന്ദകുമാറിന്റെ പരാമര്‍ശങ്ങളാണ് വിവാദമായത്. ഗ്രാമങ്ങളില്‍ ബ്രാഹ്‌മണരെ പ്രവേശിപ്പിക്കരുതെന്നും അവരെ ബഹിഷ്‌കരിക്കണമെന്നും തിരികെ വോള്‍ഗ നദിയുടെ തീരത്തേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരാമര്‍ശങ്ങള്‍ക്കെതിരേ ബ്രാഹ്‌മണ സംഘടനകള്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
തന്റെ സര്‍ക്കാരിന്റെ കാലത്ത് അരും നിയമത്തിന് മുകളിലല്ലെന്നും മുഖ്യമന്ത്രിയുടെ അച്ഛനായിരുന്നാലും ചെയ്തത് തെറ്റാണെങ്കില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ വ്യക്തമാക്കി.