കോഴിക്കോട്- കോഴിക്കോട് ചാത്തമംഗലൂരിൽ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള രണ്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പുതുതായി സജ്ജമാക്കിയ ലാബിൽ നടത്തിയ പരിശോധനയിലാണ് രണ്ടു പേരുടെ ഫലം നെഗറ്റീവായതെന്നു മന്ത്രി പറഞ്ഞു. ഇതോടെ ആകെ 10 പേരുടെ ഫലം നെഗറ്റീവായി. ഇനി മൂന്നു പേരുടെ പരിശോധനാഫലമാണ് വരാനുള്ളത്.
രാവിലെ, എട്ടു സാംപിളുകൾ നെഗറ്റീവായതായി മന്ത്രി അറിയിച്ചിരുന്നു. പുനെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലെ പരിശോധനയിലാണ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ 48 പേരാണ് ചികിത്സയിലുള്ളത്. കോഴിക്കോടുനിന്നുള്ള 31 പേർ, വയനാട്ടിൽനിന്നുള്ള നാല് പേർ, മലപ്പുറത്തുനിന്നുള്ള മൂന്നു പേർ, എറണാകുളത്തുനിന്നുള്ള ഒരാൾ എന്നിങ്ങനെയാണ് ചികിത്സയിലുള്ളവർ.