തിരുവനന്തപുരം- തിരുവനന്തപുരം വിമാനത്താവളം വഴി ഒരു കിലോ സ്വര്‍ണം കടത്തിയെന്ന് യുവാവിന്റെ മൊഴി. പാങ്ങോട് പുലിപ്പാറ കുന്നില്‍ വീട്ടില്‍ അല്‍അമീനാ (24) ണ് സ്വര്‍ണം കടത്തിയത്.
മലദ്വാരത്തില്‍ ഒളിപ്പിച്ചു സ്വര്‍ണം കൊണ്ടുവന്ന കാര്യം അല്‍ അമീന്‍ സമ്മതിച്ചു. മറ്റൊരാള്‍ക്ക് കൈമാറാന്‍ കൊണ്ടുവന്ന സ്വര്‍ണം കണ്ണൂര്‍ സ്വദേശി സാബിത്തിന് നല്‍കിയെന്നാണ് അല്‍അമീന്റെ മൊഴി. തുടരന്വേഷണത്തിന് പോലീസ് കസ്റ്റംസിന് കത്ത് നല്‍കി.
കഴിഞ്ഞ മാസം 13 നാണ് ദുബായില്‍നിന്ന് സ്വര്‍ണം കൊണ്ടുവന്നത്. വിമാനത്താവളത്തില്‍നിന്ന് പുറത്ത് കടന്ന അല്‍ അമീന്‍ വീട്ടിലെത്തിയില്ല. മലപ്പുറം മഞ്ചേരിയില്‍ നിന്നും ഒരു സംഘം അല്‍അമീനിനെ അന്വേഷിച്ചെത്തി. തങ്ങളുടെ കുറച്ചു സ്വര്‍ണം അല്‍അമീന്റെ കൈവശമുണ്ടെന്നും അത് വാങ്ങാനാണ് എത്തിയതെന്നും വീട്ടുകാരോടു പറഞ്ഞു. സംഘം മടങ്ങിയ ഉടന്‍ ബന്ധുക്കള്‍ അല്‍ അമീനെ വിമാനത്താവളത്തില്‍ നിന്നു കാണാതായെന്നു കാണിച്ച് വലിയതുറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ അല്‍ അമീന്‍ വെഞ്ഞാറമൂട് എത്തിയെന്ന് അറിഞ്ഞ് പോലീസ് അവിടെവച്ച് അറസ്റ്റ് ചെയ്തു.
മലപ്പുറം സ്വദേശിയുടെ വിദേശത്തുള്ള കടയിലാണ് അല്‍അമീന്‍ ജോലി ചെയ്യുന്നത്. അല്‍അമീന്‍ നാട്ടിലേക്ക് വരാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ വെച്ച് കടത്ത് ലോബികള്‍ അല്‍അമീനെ സമീപിച്ചു. സുഹൃത്തായ സാബിത്ത് വഴിയാണ് ബന്ധപ്പെട്ടത്. ഇരുവരും തമ്മിലുള്ള ധാരണ പ്രകാരം സ്വര്‍ണം അല്‍അമീന് കൈമാറി. തിരുവനന്തപുരത്ത് എത്തുമ്പോള്‍ അല്‍അമീന്റെ ഫോട്ടോ കാണിക്കുന്ന വ്യക്തിക്ക് സ്വര്‍ണം കൊടുക്കണമെന്നായിരുന്നു നിര്‍ദേശം. 13 ന് തിരുവനന്തപുരത്ത് എത്തിയ അല്‍ അമീന്‍ യഥാര്‍ത്ഥ സംഘത്തിന് സ്വര്‍ണം നല്‍കിയില്ല. അവിടെ കാത്തഉനിന്ന സാബിത്തിന്റെ സംഘത്തിന് സ്വര്‍ണം നല്‍കി. ഈ സംഘം നിരവധി ഇടങ്ങളില്‍ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ചു. ഒടുവില്‍ അല്‍അമീന് നിസ്സാര തുക നല്‍കി വിട്ടയച്ചുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അല്‍അമീന്‍ സഞ്ചരിച്ച വാഹനത്തെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചിരുന്നു. അതനുസരിച്ച് വാഹനം ഇരിട്ടി സ്വദേശി സാബിത്തിന്റേതാണെന്ന് കണ്ടെത്തി. ഇയാള്‍ വിദേശത്ത് ബന്ധപ്പെട്ടതായും ഫോണ്‍ രേഖകളില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘം തിരുവനന്തപുരത്തും സജീവമായെന്നാണ് വിവരം. കരിപ്പൂര്‍ മോഡല്‍ സംഭവം തിരുവനന്തപുരത്തും നടന്നന്നെന്ന സംശയത്തെ തുടര്‍ന്ന് കസ്റ്റംസും പോലീസും അന്വേഷണത്തിനു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.