ഭോപ്പാല്‍- മഴ ലഭിക്കുന്നതിനായി പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി ഭിക്ഷയെടുപ്പിച്ച് ദുരാചാരം. മഴ ദേവതയെ പ്രീതിപ്പെടുത്താനാണ് ആറ് പെണ്‍കുട്ടികളെ വിവസ്ത്രരാക്കി വീടുകള്‍ തോറും ഭിക്ഷാടനം നടത്തിച്ചത്.
മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ബനിയ ഗ്രാമത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്‌നരാക്കി ഭിക്ഷാടനം ചെയ്യിക്കുന്നതിലൂടെ മഴ ലഭിക്കുമെന്നാണ് ഗ്രാമത്തിലെ വിശ്വാസം. ചുമലില്‍ ഒരു ഉലക്കയുമായിട്ടാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഗ്രാമത്തിലെ വീടുകള്‍ തോറും നടത്തിച്ചത്.
ഓരോ വീടുകളില്‍ നിന്നും ധാന്യം ശേഖരിച്ച ശേഷം ഗ്രാമത്തില്‍ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരത്തില്‍ സമര്‍പ്പിക്കും. ഈ സമയത്ത് ആചാരപ്രകാരം എല്ലാ ഗ്രാമവാസികളും ഇവിടെ ഹാജരാകണം. ഇതുമൂലം മഴ ലഭിക്കുമെന്നാണ് ഗ്രാമത്തിലുള്ള ആളുകള്‍ വിശ്വസിക്കുന്നത്. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
പ്രദേശത്ത് മഴ കുറവായതിനാല്‍ ഇത്തരത്തിലുള്ള ആചാരം എല്ലാവര്‍ഷവും നടത്താറുണ്ടെന്ന് ദാമോഹ് പോലീസ് സൂപ്രണ്ട് ഡി.ആര്‍.ടെനിവാര്‍ പറയുന്നു. കുടുംബത്തിലുള്ളവര്‍ തന്നെയാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. ഏതെങ്കിലും തരത്തില്‍ കുട്ടികള്‍ നിര്‍ബന്ധിതമായി ഇതിന് വിധേയയാകുന്നുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. നിര്‍ബന്ധിച്ചാണ് ചടങ്ങ് നടത്തുന്നതെന്ന് കണ്ടെത്തിയാല്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.