കാസര്‍കോട്- വീടും സ്ഥലവും വാഗ്ദാനം നല്‍കി 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്‍ ചൂരിയിലെ സത്താറിന്റെ വീടിനു മുന്നില്‍ പണം തിരിച്ചു ലഭിക്കുന്നതിനായി അനിശ്ചിതകാല സമരം നടത്തിവരുന്ന ബീഫാത്തിമയെ (46) ഒരു സംഘം ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. സമരം താല്‍ക്കാലികമായി നിര്‍ത്തി തിരിച്ചു വരികയായിരുന്ന ബീഫാത്തിമയെ റോഡില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. നിലത്ത് വീണ ബീഫാത്തിമയെ വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് കാസര്‍കോട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അക്രമി സംഘം പോലീസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെട്ടു. പണം വാങ്ങി തട്ടിപ്പ് നടത്തിയ സത്താറും ഭാര്യ സാജിതയും മറ്റു രണ്ടുപേരുമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ ബീഫാത്തിമ പോലീസിനോട് പറഞ്ഞു.
കുണിയ സ്വദേശിയായ ബീഫാത്തിമയ്ക്ക് കാസര്‍കോട് നായന്മാര്‍മൂലയില്‍ വീടും സ്ഥലവും രജിസ്റ്റര്‍ ചെയ്തു നല്‍കാമെന്ന് പറഞ്ഞു സത്താര്‍ 20 ലക്ഷം രൂപ വാങ്ങുകയായിരുന്നു. ചൂരിയിലെ നൗഷാദിന്റെ വീട് തന്റേത് ആണെന്ന് പറഞ്ഞു കബളിപ്പിച്ചാണ് 28 ലക്ഷത്തിന് കച്ചവടം നടത്തി 20 ലക്ഷം വാങ്ങിയത്. ഒരു വര്‍ഷം ആയിട്ടും വീടും സ്ഥലവും രജിസ്റ്റര്‍ ചെയ്തു നല്‍കാത്തത്തിനെ തുടര്‍ന്ന് ബീഫാത്തിമ പരാതി നല്‍കി. തുടര്‍ന്ന് സത്താര്‍, നൗഷാദ് എന്നിവരുടെ പേരില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. നൗഷാദ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം എടുത്തു. എന്നാല്‍ സത്താര്‍ ജാമ്യം എടുക്കാനോ പോലീസ് സ്റ്റേഷനില്‍ ഹാജരാകാനോ തയാറായിരുന്നില്ല. വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ വി.വി മനോജ് ബന്ധപ്പെട്ടപ്പോള്‍ അസുഖമാണ് ഹാജരാകാന്‍ പ്രയാസമാണ് എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു. പോലീസ് കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കേയാണ് ബീഫാത്തിമയ്ക്ക് നേരെ ആക്രമണം നടത്തിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബീഫാത്തിമയെ ബ്ലോക്ക് പഞ്ചായത്ത്‌മെംബര്‍ ജമീല അഹമ്മദ്, രാഷ്ട്രീയ സംഘടനാ നേതാക്കളായ സുബൈര്‍ പടുപ്പ്, മുഹമ്മദ് കുഞ്ഞി ബോവിക്കാനം, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അജിത് കുമാര്‍ ആസാദ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.