കോയമ്പത്തൂർ- തമിഴ്‌നാട് കോയമ്പത്തൂരിൽ നിപ വൈറസ് സ്ഥിരീകരിച്ചെന്ന എ.എൻ.ഐ റിപ്പോർട്ട് ജില്ലാ കലക്ടർ ജി.എസ് സമീരൻ നിഷേധിച്ചു. കോയമ്പത്തൂരിൽ നിപ സ്ഥിരീകരിച്ചെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിപ വൈറസ് ബാധിച്ചിട്ടുണ്ടെന്നും രോഗം പടരാതിരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചത് എന്നുമാണ് താൻ പറഞ്ഞതെന്നും കലക്ടർ വ്യക്തമാക്കി.
കോയമ്പത്തൂർ കലക്ടർ കേരള അതിർത്തിയില് പരിശോധനകൾക്കാണ് പോയതെന്നും വാർത്ത തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണൻ പറഞ്ഞതായി ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു. അതേസമയം, കേരളത്തിൽ കോവിഡിനൊപ്പം നിപ കൂടി റിപ്പോർട്ട് ചെയ്തതോടെ വാളയാർ അതിർത്തി വഴിയുള്ള യാത്രാ നിയന്ത്രണം തമിഴ്‌നാട് ശക്തമാക്കി. പരിശോധനയ്ക്ക് അതിർത്തിയിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിച്ചു. പനി, ജലദോഷം, മറ്റ് രോഗ ലക്ഷണങ്ങൾ ഉള്ളവരെ തമിഴ്‌നാട്ടിലേക്ക് കടത്തി വിടില്ലെന്ന് കോയമ്പത്തൂർ ജില്ലാ കലക്ടർ അറിയിച്ചു.