Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്കെതിരെ ഐക്യനിര ലക്ഷ്യമിട്ട് പവാറിന്റെ യോഗം തിങ്കളാഴ്ച

മുംബൈ- ബി.ജെ.പിയെ നേരിടാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമാനമനസ്‌കരായ പാര്‍ട്ടികള്‍ തിങ്കളാഴ്ച ദല്‍ഹിയില്‍ യോഗം ചേരുമെന്ന് എന്‍. സി.പി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച ഭരണഘടനാ രക്ഷാ മാര്‍ച്ചിനു മുന്നോടിയായാണ് പവാര്‍ ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാക്കളായ ശരത് യാദവ്, ഡി.രാജ, ഹര്‍ദിക് പട്ടേല്‍, ഉമര്‍ അബ്ദുല്ല, ദിനേശ് ത്രിവേദി, സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവര്‍ മുംബയില്‍ യോഗം ചേര്‍ന്നു. മഹാരാഷ്ട്ര സ്പീക്കര്‍ രാധാകൃഷ്ണ വിഖെ പട്ടീലിന്റെ ഔദ്യോഗിക വസതിയിലായിരുന്നു യോഗം. എന്‍.സി.പി നേതാക്കളായ പ്രഫുല്‍ പട്ടേല്‍, ഡി.പി ത്രിപാഠി, മുന്‍ എം.പി രാം ജത്മലാനി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.  
2019- ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ ഒരു കുടയ്ക്കു കീഴില്‍ കൊണ്ടു വരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പവാറിന്റെ നേതൃത്വത്തില്‍ ഭരണഘടനാ രക്ഷാ മാര്‍ച്ച്് സംഘടിപ്പിച്ചത്. മുംബൈ യുനിവേഴ്‌സിറ്റിക്കു സമീപത്തെ ബി.ആര്‍ അംബേദ്കര്‍ പ്രതിമയ്ക്കു സമീപത്തുനിന്നാരംഭിച്ച് കാല്‍നടയായി ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്കടുത്ത ശിവാജി മഹാരാജ് പ്രതിമയ്ക്കു സമീപം അവസാനിച്ചു.
ഈ മാര്‍ച്ചിന് മറുപടിയായി ബി.ജെ.പി ത്രിവര്‍ണ പതാക മാര്‍ച്ച് സംഘടിപ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് മാര്‍ച്ച് നയിച്ചത്.

 

Latest News