Sorry, you need to enable JavaScript to visit this website.

നിപ; രോഗ ഉറവിടം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്- നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമ്പര്‍ക്ക പട്ടിക കൂടാന്‍ സാധ്യതയുണ്ടെന്നും രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങളെല്ലാം സ്വീകരിച്ചുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഇന്നലെ 188 കോണ്ടാക്ടുകള്‍ കണ്ടെത്തി. 20 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ് കൂടുതല്‍ കോണ്ടാക്ടുകള്‍ ഉണ്ടാവും. സോഴ്സ് കണ്ടെത്തലും പ്രധാനമാണ്. ഇവ രണ്ടിനും പ്രാധാന്യം നല്‍കി മുന്നോട്ടുപോകുമെന്ന് തീരുമാനിച്ചു. ചോദ്യാവലിയുമായി ഭവനസന്ദര്‍ശനം നടത്താനും തീരുമാനിച്ചു. കുട്ടിക്ക് രോഗം ബാധിച്ചതെവിടെ നിന്ന് കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
നിലവില്‍ കുട്ടിയുടെ അമ്മയ്ക്ക് പനിയുണ്ട്. ഒരു ആരോഗ്യപ്രവര്‍ത്തകന് കുട്ടിയെ ചികിത്സിച്ച ദിവസം തന്നെ പനിയുണ്ടായതായി പറയുന്നു. ഹൈ റിസ്‌ക് കോണ്ടാക്ടിലുള്ള 7 പേരുടെ സാമ്പിളുകള്‍ പൂണെയിലേക്ക് അയച്ചിട്ടുണ്ട്. നിപ ബാധക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. ചാത്തമംഗലത്ത് ജാഗ്രതാനിര്‍ദ്ദേശം നല്‍കി. നിലവിലെ സാഹചര്യം നിരീക്ഷിക്കാനും മറ്റ് കാര്യങ്ങള്‍ക്കുമായും മന്ത്രിമാര്‍ ഇവിടെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ പേരെ നിരീക്ഷണത്തിലാക്കാനായി ആശാ വര്‍ക്കര്‍മാര്‍ പ്രദേശത്ത് പ്രവര്‍ത്തനം തുടങ്ങിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നിപ വൈറസ് പടര്‍ന്നത് റംബുട്ടാനില്‍ നിന്നാകാമെന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം തൃപ്തി അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News