കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ പുതിയ താലിബാന്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുമെന്ന് കരുതപ്പെടുന്ന ഉന്നത നേതാവ് മുല്ലാ അബ്ദുല്‍ ഗനി ബറാദര്‍ കാബൂളില്‍ യുഎന്‍ മാനവിക കാര്യ അണ്ടര്‍സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തിയതായി താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു. യുഎന്‍ അഫ്ഗാന് നല്‍കിവരുന്ന സഹായങ്ങള്‍ തുടരുമെന്ന് വാഗ്ദാനം ലഭിച്ചതായും അദ്ദേഹം അറിയിച്ചു. യുഎന്നിന് സഹായങ്ങള്‍ നല്‍കുന്ന രാജ്യങ്ങളുടെ യോഗത്തില്‍ അഫ്ഗാനു വേണ്ടിയുള്ള സഹായങ്ങളും ചര്‍ച്ച ചെയ്യുമെന്ന് യുഎന്‍ സംഘം അറിയിച്ചതായും വക്താവ് പറഞ്ഞു. യുഎന്നിനു വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും താലിബാന്‍ അറിയിച്ചിട്ടുണ്ട്.
യുഎസ് സേനാ പിന്‍മാറ്റത്തോടെ പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള സര്‍ക്കാര്‍ വീഴുകയും താലിബാന്‍ നിയന്ത്രണമേറ്റെടുക്കുകയും ചെയ്തതോടെ അഫ്ഗാന് ലഭിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സഹായത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു.