ന്യൂദല്‍ഹി- ബിസിനസുകാരില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ ദല്‍ഹി പോലീസ് നടി ലീന മരിയ പോളിനെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവും പണംതട്ടല്‍ കേസില്‍ പ്രതിയുമായി ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറിനെ സഹായിച്ചെന്ന കേസിലാണ് അറസ്റ്റ്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലീനയെ നിരവധി തവണ ചോദ്യം ചെയ്തിട്ടുണ്ട്. ദല്‍ഹി പാലീസിലെ ഇക്കണൊമിക് ഒഫന്‍സ് വിംഗ് ആണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയവെ ഒരു വ്യവസായിയുടെ ഭാര്യയെ ഫോണില്‍ വിളിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് 200 കോടി തട്ടാന്‍ സുകേഷിനെ ഭാര്യ ലീന സഹായിച്ചുവെന്നാണ് പുതിയ കേസ്. ഈ കേസില്‍ ജയില്‍, ബാങ്ക് ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട്. ഇവരും സുകേഷിന്റെ പണംതട്ടല്‍ റാക്കറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. ലീന നിരവധി ബിസിനസുകാരേയും അവരുടെ കുടുംബാംഗങ്ങളേയും ആള്‍മാറാട്ടത്തിലൂടെ പറ്റിച്ച് പണം തട്ടിയതായി സൂചനയുണ്ടെന്നും പോലീസ് പറയുന്നു.
സുകേഷിന്റെ ചെന്നൈയിലെ ആഢംബര ബംഗ്ലാവില്‍ ഈയിടെ ഇ.ഡി നടത്തിയ റെയ്ഡില്‍ 16 ആഢംബര കാറുകളും, കോടികള്‍ വിലവരുന്ന വിദേശ ബ്രാന്‍ഡുകളുടെ ഫാഷന്‍ വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. സുകേഷ് തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ലീന ആഢംബര ജീവിതം നയിക്കുകയായിരുന്നുവെന്നും ഇഡി കണ്ടെത്തിയിരുന്നു.