തൊടുപുഴ-സമൂഹമാധ്യമം വഴി പ്രണയത്തിലായ 13 കാരിയുടെ നഗ്‌നചിത്രങ്ങള്‍ വാങ്ങി പ്രചരിപ്പിച്ച കേസില്‍ പാലക്കാട് സ്വദേശികളായ രണ്ടുപേരെ തൊടുപുഴ പോലിസ് പിടികൂടി. വടക്കന്‍ചേരി ആമക്കുളം ചെമ്പളിയാംകുന്ന് വി. ദിലീപ് (23), കിഴക്കംചേരി കുന്നക്കാട് കണ്ണക്കുളം വടക്കേവീട്ടില്‍ അജിത്ത് (സച്ചു- 22) എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴക്കാരിയായ പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദിലീപ് കഴിഞ്ഞ മാസം ആദ്യം അര്‍ധനഗ്‌ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ വാങ്ങുകയായിരുന്നു. തുടര്‍ന്ന് സുഹൃത്ത് അജിത്തിനേയും ഇത് കാണിച്ചു. പിന്നീട് അജിത്ത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂടുതല്‍ ഫോട്ടോ ആവശ്യപ്പെട്ടു.
തുടര്‍ന്ന് പെണ്‍കുട്ടി വീട്ടില്‍ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തൊടുപുഴ എസ്.എച്ച്.ഒ വി.സി. വിഷ്ണുകുമാര്‍, എസ്.ഐ ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരെയും വടക്കന്‍ചേരിയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്‌സോ, ഐ.ടി നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.