ജോധ്പൂര്‍- സഹോദരിയെ അച്ഛന്‍ ബലാത്സംഗം ചെയ്‌തെന്ന വിവരം അറിഞ്ഞതിനു പിന്നാലെ യുവാവ് നദിയില്‍ ചാടി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലാണ് സംഭവം. അച്ഛന്റെ പീഡനത്തിന് ഇരയായ സംഭവം പെണ്‍കുട്ടി അമ്മായിയോട് വിവരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. ഇതുകേട്ടാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ ജീവനൊടുക്കിയത്. 32 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖയില്‍ പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം വിവരിക്കുന്നുണ്ട്. ശനിയാഴ്ചയാണ് ഈ ഓഡിയോ ക്ലിപ്പ് പ്രചരിച്ചത്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ പ്രതി അച്ഛന്‍ വീട്ടില്‍ നിന്ന് മുങ്ങുകയും ചെയ്തു.
ഓഡിയോ ക്ലിപ്പ് പുറത്തു വന്ന ദിവസം തന്നെ യുവാവ് സഞ്ചോറിലെ നര്‍ദന കനാലിലേക്ക് എടുത്തു ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുങ്ങിയ അച്ഛനു വേണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. പെണ്‍കുട്ടിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു.
ഒരു തവണ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞു കാറില്‍ കയറ്റികൊണ്ടു പോയി ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്. ഈ ദിവസം സഹോദരനേയും കൂടെ കൊണ്ടു പോകാന്‍ അമ്മ ആവശ്യപ്പെട്ടപ്പോള്‍ അച്ഛന്‍ നിരസിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. ഈ സംഭവം എന്നാണ് നടന്നതെന്ന് വ്യക്തമല്ല. പലതവണ പെണ്‍കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നതായാണ് സൂചന. വിവരം പുറത്തു പോകാതിരിക്കാന്‍ പെണ്‍കുട്ടിയെ ഒറ്റയ്ക്ക് വീട്ടിനു പുറത്തു വിടാനോ കുടുംബത്തില്‍ മറ്റാരുമായും സംസാരിക്കാനോ അച്ഛന്‍ അനുവദിച്ചിരുന്നില്ല. മോശം പെരുമാറ്റത്തെ തുടര്‍ന്ന് അച്ഛനോട് കയര്‍ത്ത് സംസാരിച്ചപ്പോള്‍ അമ്മ തന്നെ ചീത്തപറഞ്ഞെന്നും പെണ്‍കുട്ടി പറയുന്നുണ്ട്.