ന്യൂദല്‍ഹി- കേരളത്തില്‍ നിപ വൈറസ് ബാധിച്ച് 12 കാരന്‍ മരിച്ചതിനു പിന്നാലെ കേന്ദ്രം വിദഗ്ധ സംഘത്തെ അയച്ചു. കോവിഡ് വ്യാപനത്തിനെതിരെ പോരാട്ടം തുടരുന്നതിനിടയിലാണ് സംസ്ഥാനത്ത് വീണ്ടും നിപ കൂടി സ്ഥിരീകരിച്ചിരിക്കുന്നത്.
മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന നിപ ബാധിച്ച് 2018 മേയില്‍ കേരളത്തില്‍ 17 പേര്‍ മരിച്ചിരുന്നു.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി) വിദഗ്ധ സംഘത്തെയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലേക്ക് അയിച്ചിരിക്കുന്നത്. ഞായറാഴ്ച തന്നെ കേരളത്തിലെത്തുന്ന സംഘം സംസ്ഥാനത്തിന് സാങ്കേതിക പിന്തുണ നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
കോഴിക്കോട്ട് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തില്‍ വന്നവരെ ഉടന്‍ കണ്ടെത്തി ഐസൊലേറ്റ് ചെയ്യാനും സാമ്പിളുകള്‍ പരിശോധിക്കാനുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം.
മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന 30 പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുട്ടിയുടെ അടുത്ത ബന്ധുക്കളില്‍ ആര്‍ക്കും രോഗ ലക്ഷണങ്ങളില്ലെന്നും സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.