കാബൂള്‍- വടക്കുകിഴക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ പഞ്ച്ഷീറില്‍ 600ലേറെ താലിബാനികളെ നാഷനല്‍ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ പ്രതിരോധ സേന കൊന്നൊടുക്കിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നികി റിപോര്‍ട്ട് ചെയ്തു. പ്രവിശ്യയിലെ വിവിധ ജില്ലകളിലായി പ്രതിരോധ സേന താലിബാനെതിരെ കനത്ത ആക്രമണമാണ് നടത്തുന്നത്. ആയിരത്തിലേറെ താലിബാനികളെ പിടികൂടിയിട്ടുണ്ടെന്നും റിപോര്‍ട്ടുണ്ട്. പലരും കീഴടങ്ങുകയായിരുന്നുവെന്ന് നാഷനല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് വക്താവ് ഫഹീം ദാശ്തി ട്വീറ്റ് ചെയ്തു. മറ്റിടങ്ങളില്‍ നിന്ന് അവശ്യ വസ്തുക്കളും ആയുധങ്ങളും എത്തിക്കാനും താലിബാന്‍ പ്രയാസം നേരിടുന്നതായും അദ്ദേഹം പറയുന്നു. പഞ്ച്ഷീറിലെ താലിബാന്റെ ആക്രമണത്തിന് ശക്തികുറഞ്ഞതായാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മേഖലയില്‍ റോഡുകളിലും വഴികളിലും കുഴി ബോംബുകളുള്ളതിനാല്‍ പ്രവിശ്യാ തലസ്ഥാനമായ ബസാറകിലേക്കും പ്രവിശ്യാ ഗവര്‍ണറുടെ ആസ്ഥാനത്തേക്കും മുന്നേറാന്‍ താലിബാനു കഴിയുന്നില്ലെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്യുന്നു.
മുന്‍ അഫ്ഗാന്‍ ഗറില്ലാ കമാന്‍ഡറായ അഹ്‌മദ് ഷാ മസൂദിന്റെ മകന്‍ അഹ്‌മദ് മസൂദും മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹും ചേര്‍ന്ന് നേതൃത്വം നല്‍കുന്ന നാഷനല്‍ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ശക്തി കേന്ദ്രമാണ് പഞ്ച്ഷീര്‍ പ്രിവിശ്യ. ഇവിടെ സാഹചര്യങ്ങള്‍ പ്രയാസത്തിലാണെന്നും അധിനിവേശത്തിന് ശ്രമിക്കുന്ന താലിബാനെതിരെ പ്രതിരോധം തുടരുകയാണെന്നും നേരത്തെ ഒരു വിഡിയോ സന്ദേശത്തില്‍ അംറുല്ല പറഞ്ഞിരുന്നു.