മുസഫര്‍നഗര്‍- ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറില്‍ ഞായറാഴ്ച നടക്കുന്ന കിസാന്‍ മഹാപഞ്ചായത്തില്‍ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കുമെന്ന് സംയുക്ത് കിസാന്‍ മോര്‍ച്ച അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായാണ് മഹാപഞ്ചായത്. 40 കര്‍ഷക സംഘടനകളുടെ സംയുക്ത വേദിയാണ് സംയുക്ത് കിസാന്‍ മോര്‍ച്ച. തങ്ങളുടെ സമരത്തിന് എല്ലാ ജാതി മത വിഭാഗങ്ങളുടേയും സംസ്ഥാനങ്ങളുടേയും ചെറുകിട വ്യാപാരികളുടേയും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റേയും പിന്തുണയുണ്ടെന്ന് ഈ മഹാമപഞ്ചായത്ത് തെളിയിക്കുമെന്ന് കര്‍ഷക നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടേയും യൂനിനയുകളുടേയും ശക്തി എന്താണെന്ന് യോഗി, മോഡി സര്‍ക്കാരുകളെ ഈ മഹാപഞ്ചായത്ത് കാണിച്ചു കൊടുക്കുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പു നല്‍കി. ഒമ്പതു മാസത്തിനിടെ നടക്കുന്ന ഏറ്റവും വലിയ കര്‍ഷക പ്രതിഷേധ സമ്മേളനമാകും ഇതെന്നും സംയുക്ത് കിസാന്‍ മോര്‍ച്ച് പ്രസ്താവനയില്‍ പറഞ്ഞു.