Sorry, you need to enable JavaScript to visit this website.

താജ്മഹല്‍ പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിന് അനുമതി സ്വദേശികള്‍ക്കു മാത്രം

ആഗ്ര- താജ്മഹല്‍ സമുച്ചയത്തിനകത്തെ പള്ളിയില്‍ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരത്തില്‍ ആഗ്ര സ്വദേശികള്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് ജില്ലാ ഭരണകൂടം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുറത്തുനിന്നുള്ളവര്‍ക്കും ഇന്ത്യക്കാരല്ലാത്തവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ജില്ലാ അധികൃതര്‍ പറയുന്നത്. ആഗ്ര സ്വദേശിയാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷമെ ഇനി വെള്ളിയാഴ്ചകളില്‍ അകത്തേക്ക് കടത്തി വിടൂ. വെള്ളിയാഴ്ചകളില്‍ താജ്മഹല്‍ പരിസരത്തേക്ക് ടൂറിസറ്റുകള്‍ക്ക് പ്രവേശനമില്ല.

ബംഗ്ലാദേശികളും ഇന്ത്യക്കാരല്ലാത്ത പുറത്തു നിന്നുള്ളവരും വെള്ളിയാഴ്ചകളില്‍ നമസ്‌കാരത്തിനെന്ന പേരില്‍ താജ്മഹല്‍ സമുച്ചയത്തില്‍ പ്രവേശിക്കുന്നുണ്ടെന്ന് പരാതിയെ തുടര്‍ന്നാണ് നടപടി. ആഗ്ര സ്വദേശികളല്ലാത്തവര്‍ വെള്ളിയാഴ്ചകളില്‍ താജ്മഹല്‍ സമുച്ചയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഉടന്‍ വിവരം ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കണെന്നും ഉത്തരവില്‍ പറയുന്നു.  അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.പി. സിങ് ആണ് ഉത്തരവിറക്കിയിരിക്കുന്നത്.

നേരത്തെ 2013-ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ഇത്തരമൊരു ഉത്തരവ് ഇറക്കിയിരുന്നെങ്കിലും ഇത് കാര്യമായി നടപ്പാക്കിയിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.


 

Latest News