സോള്‍- ദക്ഷിണ കൊറിയയില്‍ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ രോഗികളടക്കം 33 പേര്‍ മരിച്ചു. 70-ലേറെ പേര്‍ക്ക് പരിക്കേറ്റു. 13 പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്. ഒരു നഴ്സിങ് ഹോമും ആശുപത്രിയും പ്രവര്‍ത്തിക്കുന്ന ആറുനില കെട്ടിടത്തിലാണ് വെള്ളിയാഴ്ച അഗ്നിബാധയുണ്ടായത്.
ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന മുറിയില്‍നിന്നാണ് തീ പടര്‍ന്നതെന്ന് അഗ്നിശമന സേനാ മേധാവി ചോയ് മാന്‍ വൂ പറഞ്ഞതായി യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയില്‍ ഒന്നാമത്തേയും രണ്ടാമത്തേയും നിലയിലാണ് തീ ആളിപ്പടര്‍ന്നത്. എല്ലാ രോഗികളേയും ഒഴിപ്പിച്ചു. തീപ്പിടിത്തമുണ്ടാകുമ്പോള്‍ ആശുപത്രിയിലും നഴ്സിങ് ഹോമിലുമായി ഇരുനൂറോളം പേര്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
പുതപ്പുകളില്‍ പൊതിഞ്ഞാണ് പലരേയും ആശുപത്രിക്കു പുറത്തെത്തിച്ചത്. കടുത്ത പുക ശ്വസിച്ച് അവശരായ പലരും മറ്റു ആശുപത്രികളിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. ഹെലികോപ്റ്ററും അഗ്നി ശമന ട്രക്കുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപ്പിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
ദക്ഷിണ കൊറിയന്‍ നഗരമായ ജെചിയോനില്‍ ഒരു ഫിറ്റ്നസ് ക്ലബിലുണ്ടായ തീപ്പിടിത്തത്തില്‍ 29 പേര്‍ മരിച്ചത് ഒരു മാസം മുമ്പാണ്. മതിയായ അടിയന്തിര രക്ഷാ വാതിലുകളില്ലാത്തതാണ് ഇവിടെ വിനയായത്. വെള്ളിയാഴ്ച ആശുപത്രിയിലുണ്ടായ തീപ്പിടിത്തം 2008-നു ശേഷം ദക്ഷിണ കൊറിയയിലുണ്ടാകുന്ന ഏറ്റവും വലിയു ദുരന്തമാണ്.