മാഹി- സ്വാതന്ത്ര്യ സമര സേനാനി മംഗലാട്ട് രാഘവന്‍ അന്തരിച്ചു. 101 വയസ്സായിരുന്നു. 1948 ല്‍ മാഹി വിമോചനത്തിന് വേണ്ടി ഫ്രഞ്ച് പോലീസിന്റെ തോക്കുകള്‍ക്ക് മുന്‍പില്‍ വിരിമാറ് കാട്ടി സധൈര്യം സമരം നയിച്ച നായകനായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഗാന്ധിജിയും ജയപ്രകാശ് നാരായണനുമായിരുന്നു അദ്ദേഹത്തെ സ്വാധീനിച്ചത്.
പിന്നീട് ഏറെക്കാലം മാതൃഭൂമിയുടെ മാഹി ലേഖകനായിരുന്നു. എം.ആര്‍, ആര്‍.എം എന്നീ ഇനിഷ്യലുകളില്‍ അനേകം ലേഖനങ്ങള്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകൃതമായിരുന്നു. ഫ്രഞ്ച് ഭാഷയിലും സാഹിത്യത്തിലും അവഗാഹമുണ്ടായിരുന്ന മംഗലാട്ട് രാഘവന്‍ ഫ്രഞ്ച് കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. വിക്ടര്‍ യുഗോ ചാള്‍സ് ബോദ് ലയര്‍, വിക്ടര്‍ ദ ലപ്രാദെ എന്നിവരുടെ കൃതികളുടെ വിവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. ഫ്രഞ്ച് കവിതകള്‍.ഫ്രഞ്ച് പ്രണയഗീതങ്ങള്‍ വിക്ടര്‍ യൂഗോയുടെ കവിതകള്‍ എന്നിവയും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളാണ്. വിവര്‍ത്തനത്തിനു കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌ക്കാരം നേടിയിരുന്നു. തലശ്ശേരി ചേറ്റംകുന്നിലായിരുന്നു താമസം.