ലഖ്‌നൗ- നിയമ വിരുദ്ധമായി മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് യുപി പോലീസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ജൂണില്‍ അറസ്റ്റ് ചെയ്ത എട്ടു പേര്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി. ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്തു എന്നതടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് എടിഎസിന്റെ വാദം അംഗീകരിച്ച് ലഖ്‌നൗവിലെ ഒരു കോടതി കുറ്റാരോപിതര്‍ക്കെതിരെ ചുമത്തിയത്. പ്രമുഖ പ്രബോധകരും പണ്ഡിതരുമായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ആലം ഖാസിമി എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് ഈ കുറ്റം ചുമത്തിയിരിക്കുന്നത്.
ആയിരക്കണക്കിന് ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന വന്‍ റാക്കറ്റ് എന്നാരോപിച്ച് ജൂണ്‍ 21നാണ് ദല്‍ഹിയില്‍ നിന്ന് യുപി പോലീസ് എടിഎസ് ഉമര്‍ ഗൗതം ഉള്‍പ്പെടെയുള്ളവരെ പിടികൂടിയത്. ഇസ്ലാമിക് ദഅവ സെന്റര്‍ എന്ന സ്ഥാപനത്തിനു കീഴില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍, സ്ത്രീകള്‍, തൊഴില്‍രഹിതര്‍, ദരിദ്രര്‍ എന്നിവരെ നല്ല വിദ്യാഭ്യാസവും വിവാഹവും ജോലിയും പണവും വാഗ്ദാനം നല്‍കിയ സംഘം മതംമാറ്റുകയായിരുന്നുവെന്നാണ് പോലീസ് ആരോപിച്ചത്. ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. പ്രശസ്ത വ്യക്തിത്വമായ ഉമര്‍ ഗൗതമിന്റെ ദല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പരസ്യവും നിയമപരവുമായിരുന്നുവെന്നും വ്യാജ കേസ് ചുമത്തിയതാണെന്നും നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. പോലീസിന്റെ ആരോപണങ്ങളെ നിഷേധിച്ച് ഉമര്‍ ഗൗതമിന്റെ കുടുംബവും മുസ്‌ലിം സംഘടനകളും രംഗത്തുവന്നിരുന്നു.
ഈ കേസില്‍ ആകെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദല്‍ഹി, ഹരിയാന, ഗുജറാത്ത്, യുപി, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ആലം ഖാസിമി, സലാഹുദ്ദീന്‍ സൈനുദ്ദീന്‍ ശൈഖ്, ഇര്‍ഫാന്‍ ഖാന്‍, ഡോ. ഫറാസ്, പ്രസാദ് രാമേശ്വര്‍ കവാരെ എന്ന ആദം, ഭുപ്രിയ ബന്ദോ എന്ന അര്‍സലാന്‍, കൗസര്‍ ആലം എന്നിവര്‍ക്കെതിരെയാണ് ഗുരുതര കുറ്റങ്ങള്‍ ചുമത്തിയത്. ഇവര്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് എടിഎസ് അവകാശപ്പെടുന്നു.