തിരൂര്‍- ട്രെയിനില്‍ കൊണ്ടുവന്ന 44.99 ലക്ഷം രൂപയുടെ കുഴല്‍പണം തിരൂര്‍ പോലീസ് പിടികൂടി. വേങ്ങര കണ്ണാടിപ്പടി സ്വദേശി പൂവില്‍ മുഹമ്മദ് ഹനീഫയെ (43) തിരൂര്‍ എസ്.ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരൂര്‍ ഡിവൈ.എസ്.പി വി.എ ഉല്ലാസിന്റെ നിര്‍ദേശപ്രകാരം പോലീസ് പ്രതിയെ ഷൊര്‍ണൂരില്‍ നിന്ന് പിന്തുടരുകയായിരുന്നു. ഇയാള്‍ തിരൂരില്‍ ട്രെയിന്‍ ഇറങ്ങിയ സമയത്തായിരുന്നു അറസ്റ്റ്.
വ്യാഴാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം. ചെന്നൈയിലെ ഏജന്റുമാരില്‍ നിന്ന് 45 ലക്ഷത്തിന്റെ കുഴല്‍പ്പണം കൈപ്പറ്റി മൂന്നു ട്രെയിനുകളില്‍ മാറിക്കയറി സഞ്ചരിച്ചാണ് മുഹമ്മദ് ഹനീഫ തിരൂരിലെത്തിയത്. ട്രെയിനുകളിലെല്ലാം നേരത്തെ തന്നെ ടിക്കറ്റ് റിസര്‍വ് ചെയ്തായിരുന്നു യാത്ര. പണം പ്രത്യേക തരം തുണി സഞ്ചിയിലാക്കി ശരീരത്തില്‍ കെട്ടിവച്ചാണ് ഹനീഫ തിരൂരിലെത്തിച്ചത്. കുഴല്‍പ്പണം വേങ്ങരയിലേക്കാണെന്ന് വ്യക്തമായതായി എസ്.ഐ പറഞ്ഞു. വേങ്ങര കേന്ദ്രീകരിച്ച് കുഴല്‍പ്പണ വിതരണം നടത്തുന്നയാളാണ് ഹനീഫയെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ പണം ചെന്നൈയില്‍ നിന്ന് കെ.എസ്.എഫ്.ഇ ചിട്ടി കിട്ടിയതാണെന്നാണ് ഹനീഫയുടെ മൊഴി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞ രണ്ടര മാസമായി പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിന് മുമ്പ് കോയമ്പത്തൂരില്‍ നിന്ന് കുഴല്‍പ്പണം കടത്തുന്നതിനിടെ പോലീസ് പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും രക്ഷപ്പെട്ടിരുന്നു. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. എസ്.ഐക്ക് പുറമെ എ.എസ്.ഐ കെ.പ്രമോദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.വി രാജേഷ്, കെ.രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കുഴല്‍പണം പിടിച്ചത്.