ന്യൂദല്‍ഹി- വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ 2020 ഫെബ്രുവരിയില്‍ മുസ്‌ലിം കുടുംബങ്ങള്‍ക്കും കച്ചവടക്കാര്‍ക്കുമെതിരെ ആസുത്രിതമായി നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹി പോലീസ് നടത്തുന്ന അന്വേഷണം വെറും പാഴ്‌ചെലവാണെന്ന് അഡീഷനല്‍ സെഷന്‍സ് കോടതി. നികുതിദായകരുടെ പണം വെറുതെ ചെലവാക്കുന്ന പാഴ് വേലയാണ് ഈ അന്വേഷണമെന്നും ജഡ്ജി വിനോദ് യാദവ് രൂക്ഷമായി വിമര്‍ശിച്ചു. കലാപത്തിനിടെ ചാന്ദ് ബാഗിലെ ഒരു ഷോപ്പ് കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്‌തെന്ന കേസില്‍ കോടതി എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ സഹോദരന്‍ ഷാ ആലമിനേയും മറ്റു രണ്ടു പേരേയും കോടതി തെളിവുകളുടെ അഭാവത്തില്‍ കുറ്റമുക്തനാക്കി. ഈ കേസിലെ അന്വേഷണം നിഷ്‌ക്രിയവും അലസവുമായിരുന്നെന്ന് കോടതി വിമര്‍ശിച്ചു. ഈ കേസില്‍ ഒരു കോണ്‍സ്റ്റബിളിനെ പോലീസ് സാക്ഷിയാക്കി കെട്ടിച്ചമച്ചതാണെന്ന തോന്നലുണ്ടാക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. നികുതിദായകരുടെ പണം ചെലവാക്കി നടത്തിയ ഈ അന്വേഷണത്തില്‍ പോലീസ് കോടതിയുടെ കണ്ണ് മൂടാന്‍ ശ്രമിച്ചെന്നും ജഡ്ജി പറഞ്ഞു.
സംഭവസ്ഥലത്ത് പ്രതിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് സിസിടിവി ദൃശ്യങ്ങളോ സ്വതന്ത്ര ദൃക്‌സാക്ഷികളോ ക്രിമിനല്‍ ഗൂഢാലോചന സംബന്ധിച്ച തെളിവുകളോ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഭജനത്തിനു ശേഷം ദല്‍ഹിയിലുണ്ടായ ഏറ്റവും വലിയ വര്‍ഗീയ കലാപത്തിലേക്ക് ചരിത്ര തിരിഞ്ഞുനോക്കുമ്പോള്‍ കേസ് അന്വേഷിച്ച പോലീസിന്റെ പരാജയം ജനാധിപത്യത്തിന്റെ കാവല്‍ക്കാരെ വേദനിപ്പിക്കുമെന്നും ഇങ്ങനെ പറയാതിരിക്കാന്‍ തനിക്കാകുന്നില്ലെന്നും ജഡ്ജി പറഞ്ഞു.
ദൃക്‌സാക്ഷികള്‍, യഥാര്‍ത്ഥ പ്രതികള്‍, സാങ്കേതിക തെളിവുകള്‍ എന്നിവ കണ്ടെത്തുന്നതിന് യാതൊരു ശ്രമവും നടത്താതെ വെറുതെ കുറ്റപത്രം സമര്‍പ്പിച്ചുകൊണ്ട് കേസ് തീര്‍പ്പാക്കാനാണ് പോലീസ് ശ്രമിച്ചതെന്നും ചൂണ്ടിക്കാട്ടി.