കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ഭക്ഷണത്തിന്റെ ശേഖരം ഈ മാസം അവസാനത്തോടെ തീരുമെന്ന് ആശങ്കപ്പെട്ട് ഐക്യരാഷ്ട്രസഭ. കൂടുതല്‍ ഭക്ഷണം ശേഖരിക്കാന്‍ 20 കോടി യു.എസ്. ഡോളര്‍ എത്രയുംവേഗം ലഭ്യമാക്കണമെന്നും യു.എന്‍. ആവശ്യപ്പെട്ടു.
'സെപ്റ്റംബര്‍ അവസാനത്തോടെ ലോക ഭക്ഷ്യപദ്ധതിയുടെ ഭാഗമായുള്ള ശേഖരം തീരും. അടിയന്തരസഹായവുമായി രാജ്യങ്ങള്‍ മുന്നോട്ടുവരണം. ഇല്ലെങ്കില്‍ പതിനായിരങ്ങള്‍ പട്ടിണിയിലാവും' അഫ്ഗാനിസഥാനിലെ യു.എന്നിന്റെ പ്രത്യേക പ്രതിനിധി റാമിസ് അലാകബറോവ് പറഞ്ഞു.
രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിനും ദിവസവും ഭക്ഷണം കഴിക്കാനാകുമോയെന്ന് ഉറപ്പില്ല. അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളില്‍ പകുതിയിലേറെ പേര്‍ക്കും അടുത്തവര്‍ഷത്തോടെ പോഷകാഹാരക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസൂസും പറഞ്ഞു.
ഇതിനിടെ അഫ്ഗാനിസ്ഥാനുമായുള്ള തന്ത്രപ്രധാനമായ ചാമനിലെ അതിര്‍ത്തി ചെക്‌പോസ്റ്റ് പാക്കിസ്ഥാന്‍ അടച്ചു. അഭയാര്‍ഥിപ്രവാഹം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. സുരക്ഷാവെല്ലുവിളികള്‍ നിലനില്‍ക്കുന്നതിനാലാണ് അതിര്‍ത്തി അടച്ചിടുന്നതെന്ന് പാക് ആഭ്യന്തരമന്ത്രി ശൈഖ് റാഷിദ് അഹമ്മദ് അറിയിച്ചു. എത്രദിവസം അടച്ചിടല്‍ നീണ്ടുനില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതിര്‍ത്തിയിലെ സുരക്ഷ പാക്കിസ്ഥാന്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കണക്കുകള്‍പ്രകാരം 30 ലക്ഷം അഫ്ഗാന്‍ അഭയാര്‍ഥികളാണ് ഇപ്പോള്‍ പാക്കിസ്ഥാനിലുള്ളത്.