ന്യൂദല്‍ഹി- കോവിഡ് മഹാമാരി കാരണം യാത്ര ചെയ്യാനാകാതെ ഇന്ത്യയില്‍ കുടുങ്ങിയ എല്ലാ വിദേശ പൗരന്മാരുടേയും വിസ കലാവധി സെപ്തംബര്‍ 30 വരെ നീട്ടി നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. ഇവര്‍ പ്രത്യേക അപേക്ഷയോ ഫീസോ പിഴയോ നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ സര്‍ക്കാര്‍ ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കിയിരുന്നു. ഇതു വീണ്ടും ഒരു മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. എന്നാല്‍ ഇന്ത്യ വിടുന്നതിനു മുമ്പ് ഇവര്‍ ഓണ്‍ലൈനായി എക്‌സിറ്റ് പെര്‍മിറ്റിന് അപേക്ഷിക്കണം. സെപ്തംബര്‍ 30 ശേഷവും ഇന്ത്യയില്‍ തുടരേണ്ടവര്‍ക്ക് ഫീസടച്ച് ഓണ്‍ലൈനായി വിസ നീട്ടാന്‍ അപേക്ഷിക്കാം. യോഗ്യതയ്ക്ക് അനുസരിച്ച് വിസ നീട്ടി നല്‍കും. ഇന്ത്യയിലുള്ള അഫ്ഗാനിസ്ഥാന്‍ പൗരന്മാരുടെ വിസ കാലാവധി വെറെ പരിഗണിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.