Sorry, you need to enable JavaScript to visit this website.

സുനിഷയുടെ ആത്മഹത്യ; ഭര്‍ത്താവ് വിജീഷ് പോലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍- പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് വിജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളൂരിലെ വീട്ടില്‍ നിന്നാണ് പയ്യന്നൂര്‍ പോലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഒന്നര വര്‍ഷം മുമ്പാണ് പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മില്‍ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരു വീട്ടുകാരും തമ്മില്‍ ഏറെക്കാലം അകല്‍ച്ചയിലായിരുന്നു. വിജീഷിന്റെ അച്ഛനും അമ്മയും സുനിഷയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് കഴിഞ്ഞ ഞായറാഴ്ച വൈകീട്ട്  ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ സുനിഷ തൂങ്ങി മരിച്ചത്. തന്നെ കൂട്ടിക്കൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇരു വിഭാഗവും പരാതികളുമായി പോലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് കേസന്വേഷണം ഡിവൈ.എസ്.പിയുടെ കീഴില്‍ പ്രത്യേക സംഘത്തിന് കൈമാറാനാണ് തീരുമാനിച്ചത്. ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ കേസന്വേഷണത്തിലെ പുരോഗതികള്‍ വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം. യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം വിവിധ മേഖലകളില്‍ നിന്ന് ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ പോലീസ് ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കുന്നില്ലെന്ന ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. യുവതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധന നടത്താനുള്ള നടപടികളും ആരംഭിച്ചു. സൈബര്‍ സെല്ലിലെ വിദഗ്ധര്‍ പയ്യന്നൂരിലെത്തി പ്രാഥമിക പരിശോധനകളും നടത്തി. വിവാദം നിലനില്‍ക്കെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെയാണ് പയ്യന്നൂര്‍ ഇന്‍സ്‌പെക്ടറെ ഇന്നലെ രാത്രി ജില്ലാ പോലീസ് മേധാവി വിളിപ്പിച്ചത്. യുവതിയുടെ വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഇന്നലെ പോലീസ് മൊഴിയെടുത്തു. യുവതിയുടെ ആത്മഹത്യ ഭര്‍ത്താവിന്റേയും ഭര്‍തൃവീട്ടുകാരുടേയും പീഡനം മൂലമാണെന്നാണ് യുവതിയുടെ ബന്ധുക്കള്‍ വീണ്ടും പയ്യന്നൂര്‍ പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വീട്ടിലുണ്ടായിരുന്നിലെന്നാണ് നാട്ടുകാരായ പരിസരവാസികളുടെ മൊഴി. വിജീഷിന്റെ മാതാവ് കോവിഡ് ബാധിതയായി ചികിത്സയിലും മറ്റുള്ളവര്‍ ക്വോറന്റൈനിലുമായതിനാല്‍ വിജിഷിന്റേയും ബന്ധുക്കളുടേയും മൊഴിയെടുക്കാന്‍ ഇന്നലെ പോലീസിനായില്ല. ഇതിനിടയില്‍ തന്റെ ഭാര്യയെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടെടുത്ത ഭാര്യ വീട്ടുകാര്‍ കളവായ ആരോപണങ്ങള്‍ തനിക്കും തന്റെ വീട്ടുകാര്‍ക്കുമെതിരെ ആരോപിക്കുകയാണെന്ന് ഭര്‍ത്താവ് വിജീഷും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവാഹ ശേഷം പഠന സര്‍ട്ടിഫിക്കറ്റുകള്‍ സുനിഷ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ അത് നല്‍കാന്‍ തയാറായിരുന്നില്ല. ഒരു തരത്തിലും വീട്ടുകാര്‍ സഹകരിക്കാതിരുന്നത് സുനിഷയ്ക്ക് മാനസിക ആഘാതമായി അമ്മാവന്റെ മരണമറിഞ്ഞ് ചെന്ന തന്നെയും സുനിഷയേയും ശവശരീരം പോലും കാണിക്കാതെ ആട്ടിയിറക്കിയെന്നും വിജീഷ് ജില്ലാ പോലീസ് മേധാവിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.    

 

 

 

Latest News