കാബൂള്‍- രണ്ടാഴ്ച മുമ്പ് അഫ്ഗാനിസ്ഥാനില്‍ ഭരണ നിയന്ത്രണം പിടിച്ചെടുത്ത താലിബാന്‍ രൂപീകരിക്കുന്ന പുതിയ സര്‍ക്കാരിന് രൂപമായതായി റിപോര്‍ട്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കു ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ലക്ഷ്യം നേടാതെ പരാജയപ്പെട്ട യുഎസ് സൈന്യത്തിന്റെ അഫ്ഗാനില്‍ നിന്നുള്ള മടക്കം പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയായിരുന്നു താലിബാന്‍. രാജ്യത്ത് സമാധാനവും സുരക്ഷയും കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇവരുടെ പുതിയ നയങ്ങളെ കുറിച്ചോ സര്‍ക്കാര്‍ രൂപീകരണ നിലപാടുകളെ കുറിച്ചോ വ്യക്തതയില്ല.
അധിനിവേശവും പോരുകളും താലിബാന്റെ തന്നെ അതിക്രമങ്ങളും ദുരിതവും വരള്‍ച്ചയും തകര്‍ത്തെറിഞ്ഞ അഫ്ഗാന് വിദേശ സഹായമില്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയുമായി അന്താരാഷ്ട്ര ആശ്രയമില്ലാതെ താലിബാന്‍ ഭരണകൂടത്തിന് മുന്നോട്ടു പോകാനാകില്ല. അതേസമയം ലോക രാജ്യങ്ങളുടെ താലിബാനോടുള്ള സമീപനം എന്തായിരിക്കുമെന്നും അറിയാനിരിക്കുന്നതെയുള്ളൂ.