പട്‌ന- ബിഹാറിലെ ജയ് പ്രകാശ് യുണിവേഴ്‌സിറ്റിയിലെ എംഎ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് ഇന്ത്യയിലെ പ്രമുഖരായ സോഷ്യലിസ്റ്റ് നേതാക്കളായ ജയ് പ്രകാശ് നാരായണിന്റേയും റാം മനോഹര്‍ ലോഹ്യയുടേയും പേരുകള്‍ നീക്കം ചെയ്യുകയും പകരം തീവ്രവലതു പക്ഷമായ ഹിന്ദുത്വയുടെ ആചാര്യന്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യയയെ ഉള്‍പ്പെടുത്തുകയും ചെയ്ത നടപടി മുഖ്യമന്ത്രി നിതീഷ് കുമാറിനെ ചൊടിപ്പിച്ചു. ജയ് പ്രകാശ് നാരായണിന്റെ പേരിലുള്ള യൂണിവേഴ്‌സിറ്റി സിലബസില്‍ നിന്ന് അദ്ദേഹത്തെ തന്നെ മാറ്റി നിര്‍ത്തിയതിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി വലി വിമര്‍ശനമാണ് ഉയര്‍ന്നത്. ഇത് അനാവശ്യവും അനുചിതവുമാണെന്ന് സോഷ്യലിസ്റ്റായി വിശേഷിപ്പിക്കപ്പെടുന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചു. ഈ നീക്കത്തില്‍ അദ്ദേഹം രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ശക്തമായ ഭാഷയിലാണ് ഈ നടപടിക്കെതിരെ വിദ്യാഭ്യാസ വകുപ്പ് പ്രസ്താവന ഇറക്കിയത്. ഈ പ്രസ്താവനയിലാണ് മുഖ്യമന്ത്രിയുടെ വാക്കുകളും ഉള്‍പ്പെടുത്തിയത്.
ഇത്തരം സിലബസ് മാറ്റങ്ങള്‍ വരുത്തുമ്പോള്‍ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചന നടത്തണമെന്ന് മുഖ്യമന്ത്രി മറ്റു യൂനിവേഴ്‌സിറ്റികള്‍ക്ക് മുന്നറിയിപ്പു നല്‍കി. പൊതുതാല്‍പര്യം കണക്കിലെടുത്ത് ഇത്തരം നടപടികള്‍ ഭാവിയില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നതീഷും എതിരാളിയും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവും തങ്ങളുടെ രാഷ്ട്രീയ ഗുരുക്കന്‍മാരായി ആദരിക്കുന്ന വ്യക്തികളാണ് ജയ് പ്രകാശും ലോഹ്യയും. സിലബസ് മാറ്റത്തില്‍ പ്രതിഷേധം അറിയിച്ച് നിതീഷ് സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയിലായിരുന്നു ലാലുവിന്റെ പ്രതികരണം. ആര്‍എസ്എസ് പിന്തുണയുള്ള ബിഹാര്‍ സര്‍ക്കാരും ആര്‍എസ്എസ് ചിന്താഗതിക്കാരുമാണ് മഹാന്മാരായ രണ്ട് സോഷ്യലിസ്റ്റ് നേതാക്കളുടെ ചിന്തകളെ നീക്കം ചെയ്തതെന്ന് ലാലു പ്രതികരിച്ചു. 30 വര്‍ഷം മുമ്പ് താന്‍ മുഖ്യമന്ത്രിയായിരിക്കെ മുന്‍കയ്യെടുത്താണ് ജയ് പ്രകാശ്ജിയുടെ പേരില്‍ ഈ യുനിവേഴ്‌സിറ്റി സ്ഥാപിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇവരുടെ പേരുകള്‍ ഒഴിവാക്കിയത് ഒരിക്കലും അംഗീകരിക്കാനാവില്ല, സര്‍ക്കാര്‍ ഇതു തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.