ന്യൂദല്‍ഹി- ഇന്ധന വിലവര്‍ധന ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. റഫാല്‍ പോര്‍വിമാന ഇടപാടിലെ അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിച്ച രാഹുലിനെ പരിഹാസ രൂപത്തിലാണ് വിമര്‍ശിച്ചത്. റഫാല്‍ പോര്‍വിമാനം ഇന്ത്യയില്‍ ലാന്‍ഡി ചെയ്തിട്ടും രാഹുല്‍ രാഷ്ട്രീയത്തില്‍ ഇപ്പോഴും ടേക്ക് ഓഫ് ചെയ്തിട്ടില്ലെന്ന് ധ്വനിപ്പിക്കുന്നതായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
റഫാലിനെ ചൊല്ലി കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കി. എന്തായിരുന്നു ഫലം? ഫ്രാന്‍സില്‍ റഫാല്‍ റെഡിയായി. അത് ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു. എന്നിട്ടും രാഹുല്‍ജിക്ക് ഇപ്പോഴും ടേക്ക് ഓഫ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല- പരിഹാസചുവയില്‍ രാജ്‌നാഥ് സിങ് പറഞ്ഞു. ഗുജറാത്ത് ബിജെപിയുടെ പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഒരു പരിധി വരെ മാത്രമെ ഊര്‍ജവും സമയവും ചെലവിടേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.