വാഹനത്തില്‍ തുരുമ്പ്; പരാതിക്കാരന്  25000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

തൃശൂര്‍-വാഹനത്തില്‍ തുരുമ്പ് കണ്ടു എന്നാരോപിച്ച് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് അനുകൂല വിധി. കല്ലൂര്‍ നായരങ്ങാടിയിലുള്ള കാട്ടൂക്കാരന്‍ വീട്ടില്‍ ജസ്റ്റിന്‍ ആന്റണി ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കുട്ടനെല്ലൂരിലുള്ള ഐടിഎല്‍ മോട്ടോര്‍സ് െ്രെപവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടര്‍, മുംബൈയിലുള്ള മഹീന്ദ്ര ഏന്റ് മഹീന്ദ്ര ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടര്‍ എന്നിവര്‍ക്കെതിരെ ഇപ്രകാരം വിധിയായത്.
ജസ്റ്റിന്‍ ബോലെറോ എന്ന വാഹനമാണ് വാങ്ങിയത്. വാങ്ങി കുറച്ചു നാളുകള്‍ക്കുശേഷം വാഹനത്തില്‍ തുരുമ്പ് കണ്ടു തുടങ്ങി. ക്രമേണ ഇത് കൂടി വരുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജി ഫയല്‍ ചെയ്യുകയാണുണ്ടായത്. ഹര്‍ജിക്കാരന്‍ വാഹനം ശരിയാം വിധം പരിപാലിക്കാതിരുന്നതിനാലാണ് ഇപ്രകാരം തുരുമ്പ് വന്നതെന്നായിരുന്നു കമ്പനിയുടെ വാദം. ഇതിനെത്തുടര്‍ന്ന് കോടതി നിയോഗിച്ച എക്‌സ്പര്‍ട്ട് കമ്മീഷണര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിച്ചു. കമ്മീഷണര്‍ തുരുമ്പുണ്ടെന്ന് സ്ഥിരീകരിക്കുകയുണ്ടായി.
തെളിവുകള്‍ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പര്‍ മാരായ ഡോ കെ രാധാകൃഷ്ണന്‍ നായര്‍, ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതി ഹര്‍ജിക്കാരന് നഷ്ടപരിഹാരമായി 25000 രൂപ നല്‍കുവാന്‍ വിധി പുറപ്പെടുവിക്കുകയായിരുന്നു. 
 

Latest News