റാഞ്ചി- ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ ഒരു കരസേന ജവാനെ പോലീസ് മാസ്‌ക്കിടാത്തതിന്റെ പേരില്‍ തല്ലിച്ചക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത് ജനരോഷത്തിനിടയാക്കി. പ്രതിഷേധം കനത്തതോടെ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരേയും മറ്റു രണ്ട് ഉദ്യോഗസ്ഥരേയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. സൈനികനായ പവന്‍ കുമാര്‍ യാദവിനാണ് പോലീസിന്റെ മര്‍ദനമേറ്റത്. ഛത്രയിലെ കര്‍മ ബസാറില്‍ പോലീസുകാര്‍ ചേര്‍ന്ന് പവന്‍ കുമാറിനെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന വിഡിയോ ആണ് പ്രചരിച്ചത്. ഇവിടെ കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് മര്‍ദിച്ചത്. തൊട്ടടുത്ത ആരാ ഭുസാഹി സ്വദേശിയായ പവന്‍ കുമാര്‍ ഇതു വഴി ബൈക്കില്‍ പോകുന്നതിനിടെ തടഞ്ഞു നിര്‍ത്തിയായിരുന്നു മര്‍ദനം. ബൈക്കിന്റെ ചാവി പോലീസ് ഊരിയെടുത്തത് പവന്‍ കുമാര്‍ ചോദ്യം ചെയ്തതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. സൈനികനെ മര്‍ദിക്കുന്ന പോലീസുകാരും മാസ് ധരിച്ചിട്ടുണ്ടായിരുന്നില്ലെന്ന് വിഡിയോയില്‍ വ്യക്തമാണ്.
പവന്‍ കുമാറിനെ മര്‍ദിച്ചതോടെ നാട്ടുകാരും വലിയ പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ ഇടപെട്ടപ്പോള്‍ പവന്‍ കുമാറിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു.