ന്യൂദല്‍ഹി- തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസില്‍ അംഗത്വം നല്‍കുന്നതിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നത. ഇതു സംബന്ധിച്ച് മുതിര്‍ന്ന നേതാക്കള്‍ പലതവണ ചര്‍ച്ച ചെയ്‌തെങ്കിലും പലരും ഇതിനോട് വിയോജിപ്പാണ് അറിയിച്ചത്. ഇതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കു വിട്ടിരിക്കുകയാണ്. നേരത്തെ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയിരുന്നു. ശേഷം പ്രശാന്തിന്റെ പാര്‍ട്ടിയിലെ റോള്‍ സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായും രാഹുല്‍ ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ യുപി തെരഞ്ഞെടുപ്പില്‍ പ്രശാന്തുമൊന്നിച്ച് പ്രവര്‍ത്തിച്ച രാഹുലിനും പ്രിയങ്കയ്ക്കും അദ്ദേഹത്തെ പാര്‍ട്ടയില്‍ ചേര്‍ക്കുന്നതില്‍ എതിര്‍പ്പില്ല.
ഒരു വിഭാഗം മുതിന്ന നേതാക്കള്‍ പ്രശാന്തിന്റെ വരവിനെ നല്ലൊരു നീക്കമായാണ് കാണുന്നത്. എന്നാല്‍ മറ്റൊരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ പ്രശാന്തിനെ നേരിട്ട് കെട്ടിയിറക്കുന്നത് കൊണ്ട് വലിയ പ്രയോജനമില്ല എന്ന അഭിപ്രായക്കാരാണ്. സോണിയയും രാഹുലും പ്രിയങ്കയും പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും കേള്‍ക്കാന്‍ തയാറാകണമെന്നും ഇത് എന്നോ നിര്‍ത്തിയതാണെന്നും ഈ നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസിലെ മുഖ്യ ട്രബിള്‍ഷൂട്ടറായിരുന്ന അഹമദ് പട്ടേലിന്റെ മരണത്തിനു ശേഷം യോഗ്യനായ ഒരു ഉപദേശകനെ തേടിക്കൊണ്ടിരിക്കുകയാണ് സോണിയ.
കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ വിവിധ പദ്ധതികളാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ടു വച്ചിട്ടുള്ളത്. ഇവയില്‍ കോണ്‍ഗ്രസിന് വിയോജിപ്പുള്ള പരിപാടികളും ഉണ്ട്. പ്രശാന്ത് കിഷോറിന്റെ കയ്യില്‍ മാന്ത്രിക വടി ഇല്ലെന്നും പാര്‍ട്ടിയുടെ സംസ്‌കാരവുമായും സമീപനവുമായും ഇണങ്ങാന്‍ അദ്ദേഹത്തിന് പ്രയാസമായിരിക്കുമെന്നും ഒരു നേതാവ് പറഞ്ഞു. നേരത്തെ പലതവണ കോണ്‍ഗ്രസിനെ പ്രശാന്ത് വിമര്‍ശിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അത്ര തൃപ്തികരമല്ല എന്ന് കരുതുന്നവരും ഉണ്ട്. 'കോണ്‍ഗ്രസ് നൂറ്റാണ്ട് പഴക്കമുള്ള പാര്‍ട്ടിയാണ്, അവര്‍ക്ക് അവരുടെതായി പ്രവര്‍ത്തന രീതിയുണ്ട്. പ്രശാന്ത് കിഷോറിനെ പോലുള്ളവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ ഒരുങ്ങിയേക്കില്ല. തന്റെ പ്രവര്‍ത്തന രീതിയോട് അവര്‍ പൊരുത്തപ്പെടില്ല. പാര്‍ട്ടിക്ക് ഒരു പ്രശ്‌നമുണ്ടെന്നും അത് പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും കോണ്‍ഗ്രസ് തന്നെ തീരുമാനിക്കണം' എന്നും പ്രശാന്ത് കിഷോര്‍ നേരത്തെ പറഞ്ഞിരുന്നു.
2017ല്‍ യുപി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ് പി സഖ്യത്തിനു വേണ്ടി പ്രശാന്ത് തന്ത്രങ്ങള്‍ മെനഞ്ഞെങ്കിലും പരാജയമായിരുന്നു ഫലം. അന്ന് തന്റെ തന്ത്രങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് പ്രശാന്ത് പിന്നീട് പറയുകയും ചെയ്തിരുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിച്ചതാണ് കോണ്‍ഗ്രസിനു വേണ്ടി പ്രശാന്ത് ചെയ്തുകൊടുത്ത വിജയകരമായ പദ്ധതി.