Sorry, you need to enable JavaScript to visit this website.

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; യുവതി അടക്കം നാല് പേര്‍ പിടിയില്‍

ഇടുക്കി- മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കുന്ന നാലംഗ സംഘത്തെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ചാറ്റുപാറ പുത്തന്‍പുരയ്ക്കല്‍ മഞ്ജുഷ (28), കീരിത്തോട് പകുതിപാലം കപ്യാരുകുന്നേല്‍ സുനീഷ് (28), മച്ചിപ്ലാവ് പ്ലാക്കിതടത്തില്‍ ഷിജു (42), കട്ടപ്പന കാട്ടുകൂടി സുഭാഷ് (44) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 16ന് അടിമാലി യൂനിയന്‍ ബാങ്ക് ശാഖയില്‍ 32 ഗ്രാം മുക്കുപണ്ടം പണയം വച്ച് മഞ്ജുഷ 92,000 രൂപ തട്ടിയെടുത്തതോടെയാണ് തട്ടിപ്പിന്റെ ചുരുള്‍ അഴിയുന്നത്. യുവതി പണയപ്പെടുത്തിയത് മുക്കുപണ്ടമാണെന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് പണം തിരിച്ചടക്കാന്‍ ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇതോടെ ബാങ്ക് അധികൃതര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് സംഘത്തിലെ മറ്റു മൂന്ന് പേരെ കുറിച്ചുള്ള വിവരം ലഭിച്ചത്. മുക്കുപണ്ടത്തില്‍ 9.16 ഹാള്‍ മാര്‍ക് മുദ്ര പതിച്ചു നല്‍കിയിരുന്നത് കട്ടപ്പന സ്വദേശി സുഭാഷാണ്. ഇയാളും സുനീഷും ചേര്‍ന്ന് വര്‍ഷങ്ങളായി തട്ടിപ്പു നടത്തി വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. മുരിക്കാശേരി, ഇടുക്കി, ഹരിപ്പാട്, അമ്പലപ്പുഴ എന്നിവിടങ്ങളിലായി മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്ത 20 കേസുകള്‍ ഇയാളുടെ പേരിലുണ്ട്. അടുത്തനാളില്‍ ഇയാള്‍ മഞ്ജുഷയുമായി അടുപ്പത്തിലായി. ഇതോടെയാണ് യുവതിയും തട്ടിപ്പു സംഘത്തിലെ കണ്ണിയായത്. ഇതുകൂടാതെ അടിമാലിയില്‍ വര്‍ക്ക് ഷോപ്പ് നടത്തിവരുന്ന ഷിജുവുമായി സുനീഷ് അടുപ്പത്തിലായി. തുടര്‍ന്ന് ഇയാളെയും സംഘത്തില്‍ ഉള്‍പ്പെടുത്തി തട്ടിപ്പ് വ്യാപകമാക്കുകയായിരുന്നു. ഇങ്ങനെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ അടുത്ത നാളില്‍ തട്ടിയെടുത്തതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍ പറഞ്ഞു.

 

 

Latest News