റോം- ലക്ഷ്യം നേടാതെ പോയ പാശ്ചാത്യ രാജ്യങ്ങളുടെ രണ്ടു പതിറ്റാണ്ടു നീണ്ട അഫ്ഗാനിസ്ഥാന്‍ അധിനിവേശത്തെ വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. പുറത്തു നിന്നെത്തി ജനാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് അഫ്ഗാനില്‍ പാശ്ചാത്യ സഖ്യം നടത്തിയതെന്ന് മാര്‍പ്പാപ്പ ഒരു റേഡിയോ അഭിമുഖത്തില്‍ പറഞ്ഞു. അഫ്ഗാനിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിനെ തെറ്റായി ഉദ്ധരിച്ചാണ് മാര്‍പ്പാപ്പ ഇങ്ങനെ പറഞ്ഞത്. 'ജനങ്ങളുടെ പാരമ്പര്യത്തെ അവഗണിച്ച് പുറത്തു നിന്ന് ഇടപെടല്‍ നടത്തി മറ്റു രാജ്യങ്ങളില്‍ ജനാധിപത്യം കെട്ടിപ്പടുക്കുന്ന നിരുത്തരവാദപരമായ നയം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്,' മെര്‍ക്കലിന്റെ വാക്കുകള്‍ കടമെടുത്തു പറയുന്നു എന്നു വ്യക്തമാക്കി മാര്‍പ്പാപ്പ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഈ വാക്കുകള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റേതാണ്. ഓഗസ്റ്റ് 20ന് മോസ്‌കോയില്‍ നടന്ന പുടിന്‍-മെര്‍ക്കല്‍ കൂടിക്കാഴ്ചയ്ക്കു ശേഷം ശക്തമായ ഭാഷയിലാണ് അഫ്ഗാന്‍ വിഷയത്തില്‍ പുടിന്‍ പാശ്ചാത്യ രാജ്യങ്ങളെ വിമര്‍ശിച്ചത്. താലിബാന്‍ അനായാസം അഫ്ഗാന്‍ പിടിച്ചടക്കിയത് കാണിക്കുന്നത് പാശ്ചാത്യരുടെ ജനാധിപത്യ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഫലശൂന്യതയാണെന്ന് പുടിന്‍ പറഞ്ഞിരുന്നു.
സ്‌പെയ്‌നിലെ കത്തോലിക്ക ബിഷപ്പുമാരുടെ സംഘടന നടത്തുന്ന റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അബദ്ധത്തില്‍ പുടിന്റെ വാക്കുകള്‍ കടമെടുത്ത് മാര്‍പാപ്പ പടിഞ്ഞാറിനെ വിമര്‍ശിച്ചത്. ബുധനാഴ്ചയാണ് ഈ അഭിമുഖം പ്രക്ഷേപണം ചെയ്തത്. അഫ്ഗാനില്‍ നിന്നുള്ള പാശ്ചാത്യ സഖ്യത്തിന്റെ പിന്‍വാങ്ങലില്‍ എല്ലാ അന്തിമഫലങ്ങളേയും കണക്കിലെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്‍വാങ്ങല്‍ സമയത്ത് എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ഒരു അവലോകനം നടക്കുമോ ഇല്ലയോ എന്നറിയില്ല. പക്ഷേ തീര്‍ച്ചയായും പുതിയ അഫ്ഗാന്‍ അധികാരികളുടെ ഭാഗത്തു നിന്ന് വഞ്ചന ഉണ്ടായിരുന്നു- മാര്‍പ്പാപ്പ പറഞ്ഞു. ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കുന്നതിനു വത്തിക്കാനിലെ ഉന്നത നയതന്ത്ര പ്രതിനിധി അഫ്ഗാനുമായി ബന്ധപ്പെടുമെന്ന് വിശ്വസിക്കുന്നു. അഫ്ഗാനു വേണ്ടി പ്രാര്‍ത്ഥിക്കാനും നോമ്പെടുക്കാനും ലോകത്തൊട്ടാകെയുള്ള ക്രിസ്തീയ വിശ്വാസികളോട് മാര്‍പ്പാപ്പ ആഹ്വാനം ചെയ്യുകയും ചെയ്തു.