Sorry, you need to enable JavaScript to visit this website.

സ്ത്രീ സ്വാതന്ത്ര്യം, സുരക്ഷിത യാത്ര; താലിബാനില്‍ സമ്മര്‍ദം ശക്തമാക്കി ഖത്തര്‍

ഖത്തര്‍ വിദേശ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും ഡച്ച് വിദേശ മന്ത്രി സിഗ്രിഡ് കാജുവും ദോഹയില്‍ വാർത്താ സമ്മേളനത്തിനെത്തുന്നു.

കാബൂള്‍/ ദോഹ- അഫ്ഗാന്‍ വിടാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് സുരക്ഷിത മാര്‍ഗം ഒരുക്കണമെന്ന് ഖത്തര്‍ താലിബാനോട് ആവശ്യപ്പെട്ടു. സംഘര്‍ഷം നിറഞ്ഞ അമേരിക്കയുടെ ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയായതിനു പിന്നാലെയാണ് ഖത്തറിന്റെ അഭ്യര്‍ഥന.
ചൊവ്വാഴ്ച അവസാനിച്ച ഒഴിപ്പിക്കലില്‍ വിദേശികളും അഫ്ഗാന്‍ പൗരന്മാരുമുള്‍പ്പെടെ 1,23,000 പേരാണ് രാജ്യം വിട്ടത്. അതേസമയം, അഫ്ഗാന്‍ വിടാന്‍ കഴിയാത്തതില്‍ നിരാശരായി നിരവധി പേരുണ്ട്.
രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ സ്വാതന്ത്ര്യം അനുവദിക്കുന്നതിന് താലിബാനില്‍ സമ്മര്‍ദം തുടരുകയാണെന്ന് ഖത്തര്‍ വിദേശ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി ദോഹയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. ഡച്ച് വിദേശ മന്ത്രി സിഗ്രിഡ് കാജുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് അദ്ദേഹം വാര്‍ത്താ ലേഖകരെ കണ്ടത്. എയര്‍പോര്‍ട്ട് പ്രവര്‍ത്തനം ഉടന്‍ സാധാരണ നിലയിലാകുമെന്നും അഫ്ഗാന്‍ വിടാന്‍ ആഗ്രഹിക്കുന്നുവര്‍ക്ക് യാതൊരു തടസ്സവുമുണ്ടാക്കില്ലെന്ന വാക്ക് താലിബാന്‍ പാലിക്കുമെന്ന് കരുതുന്നുവെന്നും ഖത്തര്‍ മന്ത്രി പറഞ്ഞു.
കാബൂള്‍ എയര്‍പോര്‍ട്ട് വളരെ മോശം നിലയിലാണെന്നും സൗകര്യങ്ങളെല്ലാം തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. 20 വര്‍ഷത്തെ അധിനിവേശം അവസാനിപ്പിച്ച് അവസാനത്തെ യു.എസ് സൈനികനും കാബൂള്‍ വിട്ട ചൊവ്വാഴ്ച താലിബാന്‍ പോരാളികള്‍ ആകാശത്തേക്ക് വെടിവെച്ച് ആഘോഷിച്ചിരുന്നു.
കാബൂളിലെ നെതര്‍ലാന്‍ഡ്‌സിന്റെ നയതന്ത്ര കാര്യാലയം ഖത്തറിലേക്ക് മാറ്റുമെന്ന് ഡച്ച് മന്ത്രി കാജ് പറഞ്ഞു. യു.എസും ബ്രിട്ടനും എംബസികള്‍ ദോഹയിലേക്ക് മാറ്റിയിരുന്നു. പോയ വര്‍ഷങ്ങളിലും യു.എസും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഖത്തറാണ് ആതിഥ്യമരുളിയത്. അഫ്ഗാനില്‍നിന്ന് 43,000 പേര്‍ ഖത്തര്‍ വഴിയാണ് സ്വന്തം നാടുകളിലേക്ക് പോയത്.
നെതര്‍ലാന്‍ഡസ് എംബസി ഖത്തറിലേക്ക് മാറ്റുന്നതിന് ഭരണാധികാരിയോട് ആവശ്യപ്പെട്ടിരിക്കയാണെന്നും ഭീകര സംഘടനകളുടെ കേന്ദ്രമായി ഇനി അഫ്ഗാന്‍ മാറരുതെന്നും കാജ് വാര്‍ത്താ ലേഖകരോട് പറഞ്ഞു. അഫ്ഗാന്റെ സ്ഥിരതയും ക്ഷേമവും ഉറപ്പു വരുത്തുന്നതിന് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഭരണം ഉറപ്പാക്കുന്നതിന് രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാന്‍ അവര്‍ ഖത്തര്‍ വിദേശ മന്ത്രിയോട് ആവശ്യപ്പെട്ടു.
സ്ത്രീ സ്വാതന്ത്യവുമായി ബന്ധപ്പെട്ട് താലിബാനുമായി ചര്‍ച്ചകള്‍ തുടങ്ങിയതായും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി പറഞ്ഞു.

 

 

 

Latest News