പാല്‍ഘര്‍- മഹാരാഷ്ട്രയില്‍ മാസങ്ങള്‍ നീണ്ട ട്രോളിങ് നിരോധനം നീക്കിയ ശേഷം ഓഗസ്റ്റ് 28ന് വൈകീട്ടാണ് ചന്ദ്രകാന്ത് താരെ ആദ്യമായി മത്സ്യബന്ധനത്തിന് വീണ്ടും കടലില്‍ ഇറങ്ങിയത്. പാല്‍ഘര്‍ ജില്ലയിലെ മുര്‍ബെ സ്വദേശിയായ ചന്ദ്രകാന്തിന് എട്ടു സഹതൊഴിലാളികള്‍ക്കൊപ്പം വലയെടുത്ത് ബോട്ടിലേറി പോകുമ്പോള്‍ വലിയ പ്രതീക്ഷളൊന്നും ഉണ്ടായിരുന്നില്ല. ട്രോളിങ് നിരോധന കാലത്തെ വറുതി തീരുമല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു. അങ്ങനെ ഹര്‍ബ ദേവി എന്ന തന്റെ ബോട്ടുമായി വധ്വാന്‍ തീരത്തു നിന്ന് 25 നോട്ടിക്കല്‍ മൈലോളം ദൂരം സഞ്ചരിച്ച് ചന്ദ്രകാന്തും കൂട്ടരും വലയെറിഞ്ഞു. അല്‍പ്പം കഴിഞ്ഞപ്പോള്‍ വലയ്ക്ക് വലിയ ഭാരം അനുഭവപ്പെട്ടു. വലിച്ചു കയറ്റി നോക്കിയപ്പോൾ ചന്ദ്രകാന്തും സംഘവും അന്തംവിട്ടു. അപ്രതീക്ഷിതമായി വിഐപി മീനുകളുടെ ഒരു കൂട്ടം വലനിറയെ.
ആ ഒറ്റ രാത്രി കൊണ്ട് ഈ സാധാരണ മത്സ്യത്തൊഴിലാളിയുടെ ജീവിതം മാറിമറിയുകയായിരുന്നു. ഏറ്റവും വിലപിടിപ്പുള്ള വലിയ മത്സ്യമായ ഘോള്‍ ഫിഷ് (പല്ലിക്കോര) ആണ് ചന്ദ്രകാന്തിന്റെ വലയിലായത്. ഒന്നല്ല, 157 എണ്ണം. സ്വര്‍ണ ഹൃദയമുള്ള മീന്‍ എന്നും കടല്‍ സ്വര്‍ണമെന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ വിഐപി മത്സ്യം രുചിയേറിയ ഭക്ഷണം എന്നതിനു പുറമെ മരുന്നുകളും മറ്റു വിലയേറിയ ഉല്‍പ്പന്നങ്ങളും നിര്‍മിക്കാനും ഉപയോഗിക്കുന്നവയാണ്. കടലില്‍ നിന്ന് തിരിച്ചെത്തിയ ചന്ദ്രകാന്ത് 1.33 കോടി രൂപയ്ക്കാണ് ഈ സ്വര്‍ണ മീനുകളെ ലേലത്തില്‍ വിറ്റത്. ഉത്തര്‍ പ്രദേശിലേയും ബിഹാറിലേയും ഇടപാടുകാരാണ് ഇവ വാങ്ങിയത്.
ഹോങ്കോങ്, മലേഷ്യ, തായ്‌ലന്‍ഡ്, ഇന്തൊനേഷ്യ, സിങ്കപൂര്‍, ജപാന്‍ എന്നീ രാജ്യങ്ങളില്‍ വലിയ ഡിമാന്‍ഡുള്ള ഈ സ്വര്‍ണ മീന്‍ മഹാരാഷ്ട്ര തീരത്ത് അപൂര്‍വ്വമാണ്. ജല മലിനീകരണം കാരണം ആഴക്കടലിലെ ഇവ ഉള്ളൂ. ഈ മത്സ്യത്തിന്റെ ഓരോ ശരീരഭാഗവും വിവിധ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു വരുന്നു. അലിഞ്ഞുപോകുന്ന ശസ്ത്രക്രിയ നൂലുകളും സൗന്ദര്യ വര്‍ധക വസ്തുക്കളും ഉള്‍പ്പെടെ നിരവധി ഉല്‍പ്പനങ്ങളാണ് ഇവ ഉപയോഗിച്ച് നിര്‍മിക്കുന്നത്. പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. ഇന്ത്യന്‍ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേര്‍ഷ്യന്‍ ഉള്‍ക്കടലിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത്.