Sorry, you need to enable JavaScript to visit this website.

ഗാന്ധിയെ അധിക്ഷേപിച്ച സംഘ്പരിവാർ നേതാവ് ഗോപാലകൃഷ്ണനെതിരെ കേസെടുക്കണം-അശോകൻ ചരുവിൽ

കോഴിക്കോട്- രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അധിക്ഷേപിക്കുകയും ഗാന്ധിവധത്തെ ന്യായീകരിക്കുകയും ഘാതകൻ ഗോഡ്‌സയെ പുകഴ്ത്തുകയും ചെയ്യുന്ന ആർ.എസ്.എസ്.സൈദ്ധാന്തികൻ ഡോ.എൻ.ഗോപാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പുരോഗമന കലാ സാഹിത്യസംഘം നേതാവ് അശോകൻ ചരുവിൽ ആവശ്യപ്പെട്ടു. 
ഏറെ കാലമായി കേരളത്തിൽ വർഗീയ കലാപമുണ്ടാക്കാൻ തന്റെ വിഷനാവ് ചലിപ്പിക്കുന്നയാളാണ് ഡോ.ഗോപാലകൃഷ്ണനെന്നും അശോകൻ ചരുവിൽ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. 
കുറിപ്പിന്റെ പൂർണരൂപം:
'ശാസ്ത്രജ്ഞൻ', 'ഹിന്ദുമത പണ്ഡിതൻ', 'ആത്മീയ പ്രഭാഷകൻ' എന്നിങ്ങനെ പലവിധ കപടവേഷങ്ങൾ കെട്ടിക്കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ നടപ്പ്. പക്ഷേ കേരളീയർ ഈ മനുഷ്യനെ കൃത്യമായി തിരിച്ചറിഞ്ഞതുകൊണ്ട് വലിയ അപകടമൊന്നും ഉണ്ടായിട്ടില്ല. വിഭജനം ലക്ഷ്യം വെച്ച് കാളമൂത്രം പോലെ ടിയാൻ പുറത്തു വിടുന്ന വീഡിയോകൾ ആരും ഗൗനിക്കാറില്ല. പേപ്പട്ടിയെ എന്ന പോലെ വഴി ഒഴിഞ്ഞു പോവുകയാണ് പതിവ്.
എന്നാൽ ഈയിടെ (2021 ആഗസ്റ്റ് 25) പുറത്തു വന്ന ഒരു വീഡിയോ മാരകമാണ് എന്നു പറയാതെ വയ്യ. ഇന്ത്യക്കാരനായി ജനിച്ച ഒരാൾക്ക് അതു കേൾക്കേണ്ടി വരുന്നതിൽ വലിയ ദുര്യോഗം ഇല്ല. രാജ്യത്തെ സ്‌നേഹിച്ചുവളരുന്ന കുട്ടികളിൽ അത് കടുത്ത നിരാശയും അസ്വാസ്ഥ്യവും ഉണ്ടാക്കും. മഹത്തായ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അത്ര പച്ചക്ക് അപമാനിക്കുകയാണ്.
ഇവിടെ മഹാത്മജിയെ കൊന്നതിനെ ന്യായീകരിച്ചുകൊണ്ടുള്ള നാഥുറാം വിനായക് ഗോഡ്‌സയുടെ കോടതിയിലെ വാദങ്ങൾ വായിക്കുകയും വിശദീകരിക്കുകയും ആ വാക്കുകൾ 'ഹൃദയസ്പർശി'യാണെന്ന് സ്ഥാപിക്കുകയുമാണ് ഗോപാലകൃഷ്ണൻ ചെയ്യുന്നത്. 'ഞാൻ എന്തിന് ഗാന്ധിയെ കൊന്നു?' എന്നതിനുള്ള ഗോഡ്‌സേയുടെ വിശദീകരണം വായിക്കുന്നത് ഒരു പുണ്യപ്രവർത്തിയാണെന്ന് ടിയാൻ പറയുന്നു.
ഈ മാരക വിഷവീഡിയോ ഇവിടെ ഷെയർ ചെയ്യാൻ ഞാൻ ഉദേശിക്കുന്നില്ല. പകരം ഗോപാലകൃഷ്ണന്റെ പ്രഭാഷണത്തിന്റെ അവസാന ഭാഗം തഴെ ഉദ്ധരിക്കുന്നു: 
'നാഥുറാം വിനായക് ഗോഡ്‌സേയുടെ ഹൃദയസ്പർശിയായ ഈ വരികൾ വായിച്ചിട്ട് നമ്മളൊക്കെ വർഗ്ഗീയവാദികളും ചാണകസംഘികളും ആർ.എസ്.എസുകാരും എല്ലാം ആയിത്തീർന്നാലും, ഒരു കാര്യം ഉറപ്പ്: പച്ചസത്യം, മഹാത്മാഗാന്ധി എന്ന വർഗ്ഗീയവാദിയെക്കുറിച്ച് ലോകം അറിയണം. നെഹ്‌റുവിനെക്കുറിച്ച് ലോകം അറിയണം. ഈ നാടിനു വേണ്ടി പ്രവർത്തിച്ചവരെ കരിവാരിത്തേച്ചു കാണിച്ചതിൽ ഒന്നാമൻ മഹാത്മാഗാന്ധിയാണ്.
'പാക്കിസ്ഥാനു വേണ്ടി മാത്രം ജീവിച്ച ഒരു മനുഷ്യനെ നമ്മൾ രാഷ്ട്രത്തിന്റെ പിതാവാക്കി മാറ്റി. അല്ല, നമ്മുടെ തലയിൽ കെട്ടിവെച്ചു. 
'ഇത് വായിക്കാൻ എനിക്കൊരു പുണ്യം കിട്ടി. സത്യമേവ ജയതേ. പ്രണാമം. നമസ്‌ക്കാരം.'
= മഹാത്മജിക്കെതിരായ ഈ വിഷപ്രചരണം പ്രിയപ്പെട്ട മലയാള ഭാഷയിലാണ് ഒഴുകിക്കൊണ്ടിരിക്കുന്നത് എന്നതിൽ ഞാൻ ലജ്ജിച്ചു തലതാഴ്ത്തുന്നു. 
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മുതൽ പണ്ഡിറ്റ് നെഹ്രു വരെയുള്ളവരുടെ സ്മരണക്കു നേരെ ബി.ജെ.പി.സർക്കാർ നടത്തുന്ന നീക്കങ്ങൾ ഒറ്റപ്പെട്ട സംഗതിയല്ല എന്ന് ഗോപാലകഷ്ണന്റെ പ്രഭാഷണം തെളിയിക്കുന്നു. മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താനുള്ള സംഘപരിവാർ ഗൂഡാലോചനയുടെ ഭാഗമാണത്.
ഇന്ത്യ ഒരു രാഷ്ട്രമായി നിൽക്കുന്നതിന് ആവശ്യമായ മൂല്യങ്ങൾ സംഭാവന ചെയ്തത് ദേശീയ സമരപ്രസ്ഥാനമാണ്. ഇന്ത്യക്കാരന് അത് ചരിത്രം മാത്രമല്ല. അസ്തിത്വത്തിന്റെ അടിവേരാണ്. അത് തകർക്കാൻ അനുവദിക്കരുത്. 

Latest News