തിരുവനന്തപുരം- സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോപണം രാഷ്ട്രീയ പ്രേരിതമാകരുതെന്ന് സ്പീക്കറും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ് മിഷന് സ്പീക്കർ അവതരണാനുമതി നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.
ബിനോയ് കോടിയേരിയുടെ പ്രശ്‌നം സർക്കാറിനെ ബാധിക്കുന്നതല്ലെന്നും പാർട്ടി വിഷയമാണെങ്കിൽ പാർട്ടി നടപടിയെടുത്തോളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോപണം ഉയർന്നിട്ടും അന്വേഷണം നടത്താത്ത സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ചെന്നിത്തല പിന്നീട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതിനിടെ, കോടിയേരിക്ക് പ്രശ്നം നേരത്തെ അറിയാമായിരുന്നുവെന്ന് ആരോപണത്തില്‍ ഉള്‍പ്പെട്ട രാഹുല്‍ കൃഷ്ണയുടെ ഭാര്യാപിതാവ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കോടിയേരിയെ കണ്ടിരുന്നുവെന്നും നോക്കാമെന്ന് അദ്ദേഹം മറുപടി പറഞ്ഞുവെന്നുമാണ് വെളിപ്പെടുത്തല്‍.