മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ സി.ബി.ഐ അന്വേഷണമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി-മുട്ടില്‍ മരം മുറിക്കല്‍ കേസില്‍ സി ബി ഐ അന്വേഷണമില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി.കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ കോടതിയില്‍ പരാതിപ്പെടാന്‍ അവസരമുണ്ടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനുള്ള മാര്‍ഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. പട്ടയഭൂമികളിലെ മരംമുറി കേസുകളുടെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മരംമുറി കേസുമായി ബന്ധപ്പെട്ട് കേസ് ഡയറി അടക്കമുള്ള രേഖകള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചിരുന്നു. മരം മുറിച്ച് കടത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.എന്നാല്‍ കേസുകളില്‍ സമഗ്ര അന്വേഷണം നടക്കുന്നതിനാല്‍ കാലതാമസം വരുമെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ആണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്

Latest News