ന്യൂദൽഹി- ദൽഹിയിൽ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലും ആം ആദ്മി സർക്കാരും തമ്മിൽ പുതിയ പോര്. ലഫ്. ഗവർണർ ബുധനാഴ്ച വീട്ടിൽ സംഘടിപ്പിച്ച പരിപാടിക്കെത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോടും അകത്തു പ്രവേശിക്കുന്നതിനു മുമ്പ് ക്ഷണക്കത്ത് കാണിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. റിപ്ലബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഔദ്യോഗിക വസതിയായ രാജ് നിവാസിൽ ലഫ്. ഗവർണർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. പല ഉദ്യോഗസ്ഥരുടേയും വാഹനങ്ങൾ അകത്തേക്ക് കടത്തി വിട്ടപ്പോൾ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, സ്പീക്കർ എന്നിവരുടെ വാഹനങ്ങൾ തടഞ്ഞു നിർത്തി പോലീസ് ക്ഷണക്കത്ത് കാണിക്കാൻ ആവശ്യപ്പെട്ടുവെന്നും അകത്തേക്ക് കടത്തി വിടാതെ അൽപ്പസമയം പുറത്ത് നിർത്തിയെന്നും സർക്കാർ വക്താവ് നാഗേന്ദർ ശർമ ആരാപിച്ചു.
പ്രോട്ടോകോൾ അനുസരിച്ച് ഒരു വാഹനവും അകത്തേക്ക് അനുവദിക്കാനാകുമായിരുന്നില്ലെന്നാണ് പോലീസിന്റെ വിശദീകരണം. സ്ഥലപരിമിതി മൂലം പ്രോട്ടോകോൾ അനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥൻമാരുടേതടക്കം ഒരു വാഹനവും അകത്തേക്ക് കടത്തിവിട്ടിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പോലീസ് അറിയിച്ചു.
എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ആം ആദ്മിയും രംഗത്തെത്തി. ആരുടെയൊക്കെ കാറുകളാണ് അകത്തേക്ക് കടത്തി വിട്ടതെന്നും ആരെയൊക്കെ നടത്തിച്ചുവെന്നും ഈ ദൃശ്യങ്ങൾ പുറത്തു വന്നാൽ പൊതുജനങ്ങൾക്കു കാണാം. ഇതു പരസ്യപ്പെടുത്താൻ പോലീസ് തയാറാകണമെന്നും ആം ആദ്മി പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.