കാബൂള്‍- അഫ്ഗാനിസ്ഥാനിലെ സ്വകാര്യ വാര്‍ത്താ ചാനലാ തുലൂ ന്യൂസില്‍ മുതിര്‍ന്ന താലിബാന്‍ നേതാവിനെ അഭിമുഖം നടത്തിയ യുവ മാധ്യമപ്രവര്‍ത്തക ബെഹഷ്ത അര്‍ഗന്ദ് രാജ്യം വിട്ടു. താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിനു പിന്നാലെ ഓഗസ്റ്റ് 17നാണ് ബെഹഷ്ത താലിബാന്‍ നേതാവിനെ ചാനല്‍ സ്റ്റുഡിയോയിലിരുത്തി അഭിമുഖം നടത്തിയത്. പ്രകോപനമുണ്ടാക്കുന്ന ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് ചാനല്‍ പ്രൊഡ്യൂസര്‍മാര്‍ ബെഹഷ്തയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും താലിബാന്റെ ഭാവി പരിപാടികളെ കുറിച്ചും വീടുകള്‍ തോറും കയറി ഇറങ്ങിയുള്ള റെയ്ഡുകളെ കുറിച്ചു ബെഹഷ്ത അഭിമുഖത്തില്‍ ചോദ്യങ്ങളുന്നയിച്ചിരുന്നു. ഈ അഭിമുഖം ലോകമൊട്ടാകെ വാഴ്ത്തപ്പെട്ടു. തുലൂ ന്യൂസ് ഉടമകളായ മോബി ഗ്രൂപ്പ് മേധാവി സാദ് മൊഹ്‌സെനിയും ബെഹഷ്തയെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. താലിബാന്‍ നേതാവിനെ അഭിമുഖം ചെയ്തതിനു പിന്നാലെ രണ്ടു ദിവസങ്ങള്‍ക്കു ശേഷം പാക് താലിബാന്റെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട മലാല യൂസുഫ്‌സായിയേയും ബെഹഷ്ത അഭിമുഖം ചെയ്തിരുന്നു.
യുഎസ് സേനയുടെ അവസാന സംഘവും കാബൂള്‍ വിട്ടതിനു തൊട്ടു പിന്നാലെയാണ് ബെഹഷ്തയും കുടുംബവും അഫ്ഗാന്‍ വിട്ടത്. ഇവരിപ്പേള്‍ ഖത്തറില്‍ അഭയം തേടിയിരിക്കുകയാണ്. താലിബാനെ ഭയന്നാണ് രാജ്യവിട്ടതെന്ന് ബെഹഷ്ത പറഞ്ഞതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്യുന്നു. ഒരു മാസവും 20 ദിവസവുമാണ് തുലൂ ന്യൂസില്‍ ജോലി ചെയ്തതെന്നും ഇവര്‍ പറഞ്ഞു. ചാനലിലെ പ്രമുഖ റിപോര്‍ട്ടര്‍മാരും മാധ്യമ പ്രവര്‍ത്തകരുമെല്ലാം രാജ്യം വിട്ടുപോയെന്നും പുതിയ ആളുകളെ തേടിക്കൊണ്ടിരിക്കുകയാണെന്നും മൊഹ്‌സിനി പറയുന്നു. കഴിഞ്ഞയാഴ്ച തുലൂ ന്യൂസ് റിപോര്‍ട്ടര്‍ സിയാര്‍ ഖാന്‍ യാദിനെ താലിബാന്‍ പിടികൂടി മര്‍ദിക്കുകയും കാമറയും മൈക്കും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.