ഗുവാഹത്തി- ബദ്‌റുദ്ദീന്‍ അജ്മലിന്റെ പാര്‍ട്ടിയായ എഐയുഡിഎഫിലെ ഏക ഹിന്ദു എംഎല്‍എ ഫനിധര്‍ താലുക്ദാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ഇനി ബിജെപിയില്‍ ചേരും. തന്റെ മണ്ഡലമായ ഭവാനിപൂരിലെ ജനങ്ങളുടെ വിശാല താല്‍പര്യം പരിഗണിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. 'എഐയുഡിഎഫുമായി എനിക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. എന്നാല്‍ ബിജെപിയുടേയും പ്രത്യേകിച്ച് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടേയും പ്രവര്‍ത്തനങ്ങള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അത്‌കൊണ്ട് ഞാന്‍ എന്റെ സീറ്റ് ത്യജിക്കുകയാണ്,' അദ്ദേഹം പറഞ്ഞു. എഐയുഡിഎഫിന്റെ നിയമസഭാ കക്ഷി സെക്രട്ടറി കൂടിയായിരുന്നു.
മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മുമ്പാണ് ഫനിധര്‍ താലുക്ദാര്‍ എഐയുഡിഎഫില്‍ ചേര്‍ന്നത്. ഇതിനു മുമ്പ് ഇതേമണ്ഡലത്തില്‍ രണ്ടു തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ഇത്തവണ എന്‍ഡിഎ സഖ്യകക്ഷിയായ അസം ഗണ പരിഷത് സ്ഥാനാര്‍ത്ഥിയെ 3000 വോട്ടിന് പരാജയപ്പെടുത്തിയാണ് ഫനിധര്‍ ആദ്യമായി എംഎല്‍എ ആയത്. നിയമസഭാംഗത്വം രാജിവച്ചതോടെ ഈ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങി.
എഐയുഡിഎഫ് നേതൃത്വം ബിജെപിയെ തുടര്‍ച്ചയായി പുകഴ്ത്തുന്നതില്‍ സംശയങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. ഇങ്ങനെ സഖ്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടി വരുമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഫനിധറിന്റെ രാജി. ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റതിനു ശേഷം പ്രതിപക്ഷത്തു നിന്നും കളംമാറുന്ന മൂന്നാമത്തെ എംഎല്‍എയാണ് ഫനിധര്‍. നേരത്തെ രണ്ട് പ്രമുഖ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.