ചെന്നൈ- തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ പേരില്‍ മുന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന യൂനിവേഴ്‌സിറ്റി ഡിഎംകെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. അണ്ണാ ഡിഎംകെ സര്‍ക്കാരിന്റെ അവസാന കാലത്ത് അവതരിപ്പിച്ച യൂനിവേഴ്‌സിറ്റിക്ക് ഫണ്ടോ സ്ഥലമോ സര്‍ക്കാര്‍ കണ്ടെത്തിയിരുന്നില്ല. കടലാസില്‍ മാത്രം നിലനിന്നിരുന്ന യൂനിവേഴ്‌സിറ്റിയെ ഡിഎംകെ സര്‍ക്കാര്‍ അണ്ണാമലൈ യുനിവേഴ്‌സിറ്റിയില്‍ ലയിപ്പിച്ച് പുതിയ ബില്‍ പാസാക്കുകയായിരുന്നു. നടപടിയില്‍ അണ്ണാ ഡിഎംകെ ശക്തമായി പ്രതിഷേധിച്ചു. ഇതു സംബന്ധിച്ച ബില്‍ വിദ്യാഭ്യാസ മന്ത്രി കെ പൊ്ന്മുടി സഭയില്‍ അവതരിപ്പിച്ചപ്പോള്‍ മുഖ്യ പ്രതിപക്ഷമായ അണ്ണാ ഡിഎംകെ അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ഇവരുടെ സഖ്യകക്ഷിയായ ബിജെപിയും ഈ നീക്കത്തെ എതിര്‍ത്തു.
സഭയില്‍ നിന്നിറങ്ങിയ അണ്ണാ ഡിഎംകെ നേതാവ് ഒ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ നിയമസഭയ്ക്കു പുറത്ത് റോഡ് ഉപരോധവും നടത്തി. ഇവരെ പോലീസെത്തി നീക്കം ചെയ്തു. സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളും മുന്നേറ്റങ്ങളും കൊണ്ടുവന്ന ജയലളിതയുടെ പേരിലുള്ള യൂനിവേഴ്‌സിറ്റി ഇല്ലാതാക്കി ഡിഎംകെ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്ന് പനീര്‍ശെല്‍വം ആരോപിച്ചു.
ഡോ. ജെ ജയലളിത യൂനിവേഴ്‌സിറ്റി ആക്ട് 2021 പിന്‍വലിച്ചതിനു പുറമെ അണ്ണാമലൈ യുനിവേഴ്‌സിറ്റിയെ അഫിലിയേറ്റിങ് യൂണിവേഴ്‌സിറ്റിയാക്കിയും നിയമം ഭേദഗതി ചെയ്തു. ഇതുപ്രകാരം വി്ല്ലുപുരം, കടലൂര്‍, കല്ലാകുറിച്ചി, മയിലാടുതുറൈ ജില്ലകള്‍ അണ്ണാമലൈയ്ക്കു കീഴിലാക്കി.