ഫിറോസാബാദ്- ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ പനിബാധിച്ച് മരിച്ചത് 45 കുട്ടികള്‍. കൂട്ടമരണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയമിച്ചു. ഫിറോസാബാദ് മെഡിക്കല്‍ കോളെജില്‍ നിരവധി കുട്ടികളെയാണ് പനിയുമായി പ്രവേശിപ്പിച്ചിട്ടുള്ളത്. മരണം തുടര്‍ക്കഥയായതോടെ രക്ഷിതാക്കളും ആശങ്കയിലാണ്. ഒരു കുടുംബത്തില്‍ നിന്നു തന്നെ ഒന്നിലേറെ കുട്ടികളും മരിച്ചവരിള്‍ ഉള്‍പ്പെടും. 186 പേരാണ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരിലേറെയും കുട്ടികളാണ്. കുട്ടികളില്‍ ഏറെ പേര്‍ക്കും വൈറല്‍ പനിയാണെന്നും ചിലര്‍ക്ക് ഡെങ്കി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. എല്‍ കെ ഗുപ്ത പറഞ്ഞു. ഓഗസ്റ്റ് 18നാണ് ആദ്യ മരണം റിപോര്‍ട്ട് ചെയ്തത്.
കുട്ടികളില്‍ രോഗം വ്യാപിച്ചതോടെ ജില്ലയില്‍ സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകള്‍ക്ക് ജില്ല മജിസ്‌ട്രേറ്റ് ഒരാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.