കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണം നടത്തി യു.എസ് സൈനികരെ കൊലപ്പെടുത്തിയ ഐസിസ്-കെ ഭീകരരെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഏഴ് കുട്ടികളടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനി കുടുംബം.
യു.എസ് സൈനിക ഡ്രോണ്‍ നടത്തിയ ആക്രമണത്തില്‍ റോഡിലുണ്ടായിരുന്ന വാഹനം തകര്‍ന്നാണ് കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ചുരുങ്ങിയത് 100 അഫ്ഗാന്‍ പൗരന്മാരും 13 യു.എസ് സൈനികരും കൊല്ലപ്പെട്ട ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ്-കെ ഏറ്റെടുത്തിരുന്നു.
അഫ്ഗാനിലെ ഐ.എസ് വിഭാഗത്തിന്റെ രണ്ട് പ്രമുഖരെയാണ് ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതെന്നും സിവിലിയന്‍ നാശനഷ്ടമില്ലെന്നുമാണ് അമേരിക്ക അവകാശപ്പെട്ടിരുന്നത്. എന്നാല്‍ തിങ്കളാഴ്ച വീണ്ടും സിവിലിയന്‍ മരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തര്‍ക്കത്തിനില്ലെന്ന് പറഞ്ഞ് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി ഒഴിഞ്ഞുമാറുകയായിരുന്നു.
അഫ്ഗാന്‍ കുടുംബത്തിന്റെ ബന്ധുക്കളുമായി അഭിമുഖം നടത്തിയാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.