കാബൂള്‍- മറ്റൊരു യുദ്ധപരാജയവുമായി അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാന്‍ വിടുമ്പോള്‍ കാബുളില്‍ അമേരിക്ക ഉപേക്ഷിച്ച നിരവധി സൈനിക വിമാനങ്ങളും സൈനികവ വാഹനങ്ങളും ഇനി ഒന്നിനും കൊള്ളില്ല. ഇവയെല്ലാം പൂര്‍ണമായും ഉപയോഗശൂന്യമാക്കിയെന്നും ഇനി ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ലെന്നും യുഎസ് സേനയുടെ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ കെന്നത്ത് മക്കെന്‍സി പറഞ്ഞു. കാബൂളിലെ ഹാമിദ് കര്‍സായി വിമാനത്താവളത്തില്‍ 73 വിമാനങ്ങളാണ് യുഎസ് ഉപേക്ഷിച്ചത്. ഇവ ഇനി ഒരിക്കലും പറത്താന്‍ പറ്റാത്ത അവസ്ഥയിലാക്കിയാണ് യുഎസ് അഫ്ഗാന്‍ വിട്ടത്. ഇവയിലേറെയും മിസൈല്‍ വാഹക ശേഷിയില്ലാത്തവയാണെങ്കിലും ഇനിയൊരിക്കലും പറത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒന്നിന് 10 ലക്ഷം യുഎസ് ഡോളര്‍ വില വരുന്ന 70 എംആര്‍എപി കവചിത വാഹനങ്ങള്‍, 27 ഹംവികള്‍ എന്നിവയും യുഎസ് സേന നശിപ്പിച്ചവയില്‍ ഉള്‍പ്പെടും. ഓഗസ്റ്റ് 14ന് അമേരിക്കന്‍ സേനയെ ഒഴിപ്പിക്കല്‍ ആരംഭിക്കുമ്പോള്‍ കാബൂള്‍ വിമാനത്താവളത്തിന് സുരക്ഷ നല്‍കാനും പ്രവര്‍ത്തിപ്പിക്കാനുമായി ആറായിരം സൈനികരെയാണ് യുഎസ് വിന്യസിച്ചിരുന്നതെന്ന് മെക്കന്‍സീ പറഞ്ഞു.
സൈനിക വാഹനങ്ങള്‍ക്കു പുറമെ വിമാനത്താവളത്തിന് സുരക്ഷയൊരുക്കിയിരുന്ന റോക്കറ്റാക്രമണ പ്രതിരോധ സംവിധാനം, ആയുധങ്ങള്‍, മോര്‍ട്ടാര്‍ എന്നിവ ഉള്‍പ്പെടുന്ന സി-റാം സംവിധാനവും യുഎസ് ഉപേക്ഷിച്ചു പോയി. വിമാനത്താവളത്തിനു നേര്‍ക്കു തിങ്കളാഴ്ച ഉണ്ടായ റോക്കറ്റാക്രമണത്തില്‍ അഞ്ച് റോക്കറ്റുകള്‍ തടുത്തിട്ടത് ഈ സംവിധാനമായിരുന്നു. എന്നാല്‍ അവസാന യുഎസ് സൈനിക വിമാനവും കാബൂള്‍ വിട്ടതോടെ ഈ സംവിധാനവും നശിപ്പിച്ചു. ഇവയൊക്കെ നശിപ്പിക്കല്‍ ഏറെ സമയമെടുക്കുന്ന സങ്കീര്‍ണ പ്രക്രിയയായിരുന്നുവെന്നും മെക്കന്‍സി പറഞ്ഞു.