കാസര്‍കോട്- ചെര്‍ക്കള ബംബ്രാണി നഗറിലെ ബന്ധുവീട്ടിലെത്തിയ 11 കാരി അബദ്ധത്തില്‍ കുഴിയില്‍ വീണ് മുങ്ങിമരിച്ചു. ചൂരി സ്വദേശിയും മധൂര്‍ അറന്തോട്ട് താമസക്കാരുമായ ഫിറോസിന്റെയും താഹിറയുടേയും മകള്‍ ടി.എ ഫാത്തിമയാണ് മരിച്ചത്. വൈകിട്ടായിരുന്നു അപകടം. ഇവര്‍ കുടുംബസമേതം ചെര്‍ക്കള ബംബ്രാണി നഗറിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു. വീടിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന മറ്റൊരു വീടിനടുത്തായി എടുത്ത കുഴിയിലാണ് ഫാത്തിമ അബദ്ധത്തില്‍ വീണത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് കുഴിയില്‍ വെള്ളം നിറഞ്ഞിരുന്നു. ഈ വെള്ളക്കെട്ടില്‍ മുങ്ങിത്താഴ്ന്നതാണ് മരണത്തിന് കാരണമായത്. ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫാത്തിമ. യൂട്യൂബില്‍ വ്ളോഗുകള്‍ ചെയ്ത് ശ്രദ്ധ നേടിയിരുന്നു. ഫര്സീം, സുഹൈര്‍, സഹദാദ്, അഫ്നാസ് എന്നിവര്‍ സഹോദരങ്ങളാണ്.