കൊല്‍ക്കത്ത- ബംഗാളിലെ ബിജെപി എംഎല്‍എ ബിശ്വജിത്ത് ദാസ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മൂന്ന് മാസം മുമ്പ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ മിന്നുംജയം നേടിയതിനു ശേഷം ബിജെപി വിട്ട് തൃണമൂലിലെത്തുന്ന മൂന്നാമത്തെ എംഎല്‍എയാണ് ബിശ്വജിത്ത്. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് തൃണമൂല്‍ വിട്ട് ബിജെപിയിലേക്കു പോയ നേതാക്കളില്‍ ഒരാളാണ് ബിശ്വജിത്ത്. ഇങ്ങനെ പോയ നിരവധി പേരാണ് തെരഞ്ഞെടുപ്പിനു ശേഷം തൃണമൂലില്‍ തിരിച്ചെത്തിയത്. മറ്റൊരു ബിജെപി എംഎല്‍എ തന്മയ് ഘോഷ് തിങ്കളാഴ്ച തൃണമൂലില്‍ തിരിച്ചെത്തിയിരുന്നു.
ബംഗാളില്‍ ബിജെപിക്കു ലഭിച്ച ആദ്യത്തെ മുതിര്‍ന്ന തൃണമൂല്‍ നേതാവ് മുകള്‍ റോയിയും നാലു വര്‍ഷത്തെ ബിജെപി ബാന്ധവം ഉപേക്ഷിച്ച് തൃണമൂലില്‍ തിരിച്ചെത്തിയിരുന്നു. ഇത് ബിജെപിക്കേറ്റ വലിയ തിരിച്ചടിയായി. 2024ലെ പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് ഈ തിരിച്ചുവരവുകള്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. 2019ല്‍ തൃണമൂലിനു പിഴച്ചിടത്താണ് ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയത്. ഇതില്‍ മുകുള്‍ റോയിക്ക് വലിയ പങ്കുണ്ടായിരുന്നു.