Sorry, you need to enable JavaScript to visit this website.

ജെഎന്‍യുവില്‍ പുതിയ ഇസ്‌ലാം വിരുദ്ധ കോഴ്‌സിന് അംഗീകാരം; ചര്‍ച്ച നടന്നില്ലെന്ന് അധ്യാപകര്‍

ന്യൂദല്‍ഹി- മതമൗലികവാദ ഭീകരതയുടെ ഒരേ ഒരു രൂപമാണ് ജിഹാദി ഭീകരതയെന്നും ഖുര്‍ആനിന്റെ തലതിരിഞ്ഞ വ്യാഖ്യാനങ്ങള്‍ ജിഹാദി ഭീകരത അതിവേഗം വ്യാപിക്കാൻ കാരണമായെന്നും ഉള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ കോഴ്‌സിന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) അക്കാഡമിക് കൗണ്‍സില്‍ അംഗീകാരം നല്‍കി. ജെഎന്‍യുവിലെ ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമിനു പഠിക്കുന്ന എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒപ്ഷനല്‍ കോഴ്‌സ് ആയാണ് പുതിയ വിവാദ കോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ‘Counter Terrorism, Asymmetric Conflicts and Strategies for Cooperation among Major Powers’ എന്ന കോഴ്‌സിന്റെ ഉള്ളടക്കത്തിലാണ് ഒരു മതത്തെ മാത്രം പ്രതിക്കൂട്ടിലാക്കിയുള്ള ഉള്ളടക്കങ്ങള്‍ ഉള്ളതെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. ഭരണകൂടം സ്‌പോര്‍ണ്‍സര്‍ ചെയ്യുന്ന ഭീകരതയ്ക്ക് ഉദാഹരങ്ങളായി സോവിയറ്റ് യൂനിയനേയും ചൈനയേയുമാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഈ കോഴ്‌സിന് അംഗീകാരം നല്‍കിയ അക്കാഡമിക് കൗണ്‍സില്‍ യോഗത്തില്‍ ഒരു ചര്‍ച്ചയും അനുവദിച്ചില്ലെന്ന് ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. അക്കാഡമിക വിഷയങ്ങളില്‍ തീരുമാനമെടുക്കുന്ന യൂനിവേഴ്‌സിറ്റിയുടെ ഏറ്റവും ഉന്നത സമിതിയാണ് അക്കാഡമിക് കൗണ്‍സില്‍. ഈ കൗണ്‍സില്‍ അംഗീകരിച്ച കോഴ്‌സിന് നടപടിക്രമപ്രകാരം യുനിവേഴ്‌സിറ്റി ഭരണ ചമുതതലയുള്ള എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ കൂടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ബിടെക്കിനു ശേഷം എംഎസ് കോഴ്‌സിന് പഠിക്കുന്ന, ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് ഈ പുതിയ കോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. 

ഈ കോഴ്‌സ് രൂപകല്‍പ്പന ചെയ്തതില്‍ തനിക്ക് പങ്കില്ലെന്ന് ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസ് ഡീനും സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങില്‍ ഫാക്കല്‍റ്റിയുമായ അശ്വിനി മോഹപത്ര പറഞ്ഞു. യൂനിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ കനേഡിയന്‍, യുഎസ്, ആന്റ് ലാറ്റിന്‍ അമേരിക്കന്‍ സ്റ്റഡീസ് ചെയര്‍പേഴ്‌സന്‍ അരവിന്ദ് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് ഈ കോഴ്‌സിന് അനുമതി നല്‍കിയതെന്ന് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ഡീന്‍ രുചിര്‍ ഗുപ്ത പറഞ്ഞു. ഈ കോഴ്‌സ് രൂപകല്‍പ്പന ചെയ്തത് താനാണെന്ന് അരവിന്ദ് കുമാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. കോഴ്‌സില്‍ ഒരു മതത്തെ മാത്രം പരാമര്‍ശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇസ്‌ലാമിക ഭീകരവാദം ലോകം ശരിവച്ച കാര്യമാണല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താലിബാന്‍ വന്നതോടെ ഇത് വീണ്ടും ശ്രദ്ധനേടിയെന്നും അദ്ദേഹം പറഞ്ഞു. മറ്റേതെങ്കിലും മതം ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News