കാബൂള്‍- അഫ്ഗാനിസ്ഥാനിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും നാഷനല്‍ കൗണ്‍സില്‍ ഓഫ് റിലീജ്യസ് സ്‌കോളേഴ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ മുന്‍ അധ്യക്ഷനുമായ മൗലവി മുഹമ്മദ് സര്‍ദാര്‍ സദ്‌റനെ അറസ്റ്റ് ചെയ്തതായി താലിബാന്‍ സ്ഥിരീകരിച്ചു. കണ്മുകള്‍ കെട്ടിയ നിലയിലുള്ള അദ്ദേഹത്തിന്റെ ഫോട്ടോയും താലിബാന്‍ പുറത്തു വിട്ടു. നേരത്തെ താലിബാനെതിരെ ആയുധമെടുത്ത് പൊരുതിയ വനിതാ നേതാവും അഫ്ഗാനിലെ ആദ്യ വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളുമായ സാലിമ മസാരിയെ താലിബാന്‍ പിടികൂടിയിരുന്നു.
താലിബാന്‍ മുന്നേറ്റത്തിനിടെ നിരവധി അഫ്ഗാന്‍ നേതാക്കള്‍ നാടുവിട്ടെങ്കിലും ബല്‍ഖ് പ്രവിശ്യയുടെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുക്കുന്നതുവരെ സാലിമ പൊരുതി നിന്നു. ഛഹര്‍ കിന്ദ് ജില്ലയില്‍ ഇവര്‍ ശക്തമായ പ്രതിരോധത്തിന് ശ്രമിച്ചിരുന്നെങ്കിലും താലിബാന്‍ മുന്നേറ്റത്തില്‍ വീഴുകയായിരുന്നു.