ന്യൂദല്‍ഹി- പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും ജാതിസെന്‍സസ് വിഷയത്തില്‍ ബദ്ധവൈരികളായ ആര്‍ജെഡിക്കൊപ്പം കൈകോര്‍ത്തും നിതീഷ് കുമാറിന്റെ ജെഡിയു നടത്തുന്ന നീക്കങ്ങള്‍ ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നു. ബിഹാറിലെ ബിജെപിയുടെ സുപ്രധാന സഖ്യമാണ് ജെഡിയു. ബിജെപിയുമായി ഭിന്നതയുള്ള പല വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ മുന്‍കാലത്തെ പോലെ ഒരു എന്‍ഡിഎ കോഓര്‍ഡിനേഷന്‍ കമ്മിറ്റി വേണമെന്നാണ് ജെഡിയു ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ കാലത്ത് ഉണ്ടായിരുന്നതു പോലെ കേന്ദ്ര തലത്തിലും സംസ്ഥാന തലത്തിലും ഈ കമ്മിറ്റി വേണമെന്ന് ജെഡിയു കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രധാനമന്ത്രിക്കുവേണ്ട എല്ലാ ഗുണങ്ങളും ഉണ്ടെന്നും പ്രമേയം പറയുന്നു.
വാജ്‌പേയിയുടെ കാലത്തുണ്ടായിരുന്ന പോലുള്ള ഒരു എന്‍ഡിഎ ഏകോപന സമിതി ആവശ്യമാണ്. സഖ്യത്തിനുള്ളിലെ ഭിന്നതകള്‍ ചര്‍ച്ച ചെയ്യാനും സഖ്യത്തിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാനും ഇതുവേണം. ഇതു വഴി സഖ്യ നേതാക്കളുടെ അനാവശ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാനാകും- ജെഡിയു പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറിയും ദേശീയ വക്താവുമായ കെ സി ത്യാഗി പറഞ്ഞു. ജാതി സെന്‍സസ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്നും അനുകൂല പ്രതികരണം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജാതിസെന്‍സസ് നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉള്‍പ്പെടെയുള്ള 10 അംഗ സംഘം ഓഗസ്റ്റ് 23ന് പ്രധാനമന്ത്രിയെ കണ്ടിരിന്നു.